07 November, 2021 08:19:49 PM


ഡ്രിപ്പ് നല്‍കി യുവതിയുടെ ബോധം നഷ്ടമായി; വ്യാജ ഡോക്ടറായ അതിഥിതൊഴിലാളി പിടിയില്‍



പെരുമ്പാവൂര്‍: വ്യാജ ഡോക്ടറായ ഇതരസംസ്ഥാനതൊഴിലാളിയെ പോലീസ് പിടികൂടി. ബംഗാള്‍ സ്വദേശി സബീര്‍ ഇസ്ലാമാണ് പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഇവിടെ തന്നെ താമസിച്ച് ഇതരസംസ്ഥാനതൊഴിലാളികളെയാണ് ഇയാള്‍ ചികിത്സിച്ചിരുന്നത്.


കഴിഞ്ഞ ദിവസം ചികിത്സ തേടിയ യുവതിക്ക് ഇയാള്‍ ഡ്രിപ്പ് ഇടുകയും ഗുളിക നല്‍കുകയും ചെയ്തു. ഇതോടെ യുവതി ബോധരഹിതയായി. തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍  നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ വീട് പരിശോധിച്ചതില്‍ നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് എന്നിവ പോലീസ് കണ്ടെടുത്തു. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K