11 November, 2021 04:08:27 PM
മോൻസണ് കേസ്: കോടതിക്ക് മുന്നിൽ ഉരുളേണ്ടെന്ന് ഡിജിപിയോട് ഹൈക്കോടതി

കൊച്ചി: മോൻസണ് മാവുങ്കലിനെതിരായ കേസിൽ ഡിജിപിയെ (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) വിമർശിച്ച് ഹൈക്കോടതി. മോൻസണ് കേസിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനം ഉന്നയിച്ചത്. നേരത്തെ മോൻസണ് മാവുങ്കലിന്റെ ഡ്രൈവർ അജിത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ഇന്ന് ഡിജിപി ഈ റിപ്പോർട്ട് സമർപ്പിച്ചു.
ഇതിനിടെയിലാണ് സത്യവാങ്മൂലത്തിലെ പോരുത്തക്കേട് ചൂണ്ടിക്കാട്ടി കോടതി വിമർശനം ഉന്നയിച്ചത്.ആദ്യ സത്യവാങ്മൂലത്തിൽ മൂന്ന് കത്തുകൾ ഉണ്ടെന്ന് പറയുന്നു. ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രാഹാമും അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പറയുന്നു. എന്നാൽ ഇപ്പോൾ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഒരു കത്തും ഒരു നോട്ടും ഉണ്ടെന്നാണ്. അങ്ങനെയെങ്കിൽ മനോജ് എബ്രാഹം കത്തയച്ചില്ല എന്നല്ലേ മനസിലാക്കേണ്ടതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഡിജിപിയോട് സത്യവാങ്മൂലം വായിച്ചു നോക്കാനും കോടതി ആവശ്യപ്പെട്ടു.
ഇതിനിടിയിലാണ് ലോക്നാഥ് ബെഹ്റെയും മനോജിനെയും കോടതി വിമർശിച്ചത്. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും എന്തിന് മോൻസന്റെ വീട്ടിൽ പോയിയെന്നും കോടതി ചോദിച്ചു. പോലീസ് മേധാവിയും എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഇതിനു മറുപടിയായി സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അനിത പുല്ലെ എന്ന വിദേശ മലയാളി ക്ഷണിച്ചിട്ടാണ് അവർ അവിടെ പോയതെന്നും ഡിജിപി പറഞ്ഞു. അവിടെ പുരാവസ്തുവും പെയ്ന്റിംഗും കാണാനാണ് പോയതെന്നും ഡിജിപി വിശദീകരിച്ചു.
എങ്കിൽ സംശയം തോന്നിയ ഇവർ എന്തുകൊണ്ട് മോൻസനെതിരെ കേസെടുത്തില്ല. ഒരാൾ ഇപ്പോഴും സർവീസിൽ ഉണ്ടല്ലോ. അങ്ങനെ അന്ന് മോൻസനെതിരെ കേസെടുത്തിരുന്നെങ്കിൽ ഇപ്പോൾ കുട്ടിയെ പീഡിപ്പിച്ച കേസും പോക്സോ കേസും ഉണ്ടാകില്ല. കോടതിക്ക് മുന്നിൽ ഉരുളേണ്ടെന്നും ഡിജിപിയോട് ഹൈക്കോടതി പറഞ്ഞു. കോടതി ചോദ്യങ്ങൾ ചോദിക്കുകൊണ്ടിരിക്കുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേസിൽ ഇഡിക്ക് കത്ത് അയച്ചു എന്നു പറയുന്നു. എന്തുകൊണ്ടാണ് പിന്നീട് അന്വേഷണം നടന്നില്ല. കോടതിയിൽ ഹർജി വരുന്നതുവരെ നിങ്ങൾക്ക് മോൻസണ് വിശുദ്ധനായിരുന്നില്ലെയെന്നും കോടതി ചോദിച്ചു. ഒന്നും ഒളിച്ചുവയ്ക്കാതെ വിശദമായ അന്വേഷണം വേണം. കേസിൽ ഇഡിയെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു.