21 January, 2022 12:26:02 PM


അങ്കമാലിയിൽ സിൽവർ ലൈനിനായി നാട്ടിയ സർവേ കല്ലുകൾ പിഴുതുമാറ്റി റീത്ത് വെച്ചു



അങ്കമാലി: എളവൂർ പുളിയനത്ത്  പോലീസ് സംരക്ഷണത്തോടെ ഇന്നലെ സിൽവർ ലൈനിനായി ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ലുകൾ പിഴുതുമാറ്റി. രാത്രിയിൽ നാട്ടുകാരാണ് പിഴുതു മാറ്റിയത്. ഒമ്പത് സർവേക്കല്ലുകളാണ് ഇങ്ങനെ പഴുത് മാറ്റിയത്. ഇന്നലെ 20 സർവേക്കല്ലുകളാണ് ഇവിടെ സ്ഥാപിച്ചത്. പിഴുതു മാറ്റിയ സർവേ കല്ലുകൾ പുളിയനം ബസ് സ്റ്റോപ്പിലും എളവൂർ പള്ളിക്ക് മുന്നിലും രാത്രിയിൽ തന്നെ നാട്ടുകാർ എത്തിച്ചു. അതിന്മേൽ റീത്തും വച്ചു.

അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനെതിരെയുള്ള  സമരം തുടരുകയാണ്. ഇന്നും ഉദ്യോഗസ്ഥർ സർവ്വേ കല്ലുകൾ ഇടാനെത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം. കെ റെയിൽ വിരുദ്ധ സമിതിയുടെ സംസ്ഥാനതലത്തിലുള്ള പ്രതിനിധികൾ ഇന്ന് പ്രദേശം സന്ദർശിക്കും. 

കല്ലുകൾ നാട്ടിയതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്.  അതേസമയം ഇന്ന് സർവേ കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി നടത്താൻ ഇടയില്ല എന്നാണ് കെ റെയിൽ  ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകുമെന്ന് ആലുവ പോലീസും അറിയിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K