08 February, 2022 11:49:45 AM


'ആത്മഹത്യയുടെ വക്കിൽ നില്‍ക്കുമ്പോള്‍ ആരെയും പേടിക്കേണ്ടതില്ല' - സ്വപ്ന സുരേഷ്



തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി പൂർണമായി സഹകരിക്കും. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഏജൻസികളോട് പറയും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ സമൻസ് കിട്ടിയിട്ടില്ല. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇ മെയിലിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. സമൻസ് കിട്ടിയാൽ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. 

കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കേണ്ട പൂർണ ഉത്തരവാദിത്വം അന്വേഷണ ഏജൻസികൾക്കാണെന്ന് സ്വപ്ന പറഞ്ഞു. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞുള്ള സ്വപ്നയുടെ ഓഡിയോ ക്ലിപ്പാണ് കസ്റ്റഡിയിലിരിക്കെ പുറത്ത് വന്നത്. ഇത് തന്നെക്കൊണ്ട് പറയിപ്പിച്ച കാര്യങ്ങളാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. 

എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്‍റെ ബുദ്ധിയായിരുന്നുവെന്നും താൻ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും സ്വപ്ന ആരോപിച്ചിരുന്നു. ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യമാണ്. ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്‍റെ ആരോപങ്ങളെക്കുറിച്ചും ആണ് പറയാൻ ഉള്ളത്. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. 

ശിവശങ്കറിന്‍റെ പുസ്തകം വിശ്വസിക്കാമെന്നും സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അവിശ്വസനീയമെന്നും സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ആരുടെയും സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടന്നായിരുന്നു ഇതിനുള്ള സ്വപ്നയുടെ  മറുപടി. താൻ ചെയ്തത് എല്ലാം ശിവശങ്കർ കൂടി അറിഞ്ഞിട്ടാണെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K