14 February, 2022 10:08:54 PM


'ആദ്യം അംഗീകാരം, പിന്നെ വിയോജിപ്പ്'; ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഒത്തുകളിയെന്ന് പ്രതിപക്ഷം



തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച്‌ സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായവരെ നിയമിക്കുന്ന പതിവില്ലെന്ന് രാജ്ഭവന് നല്‍കിയ വിയോജന കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ സെക്രട്ടറി കെആര്‍ ജ്യോതിലാലാണ് രാജ്ഭവന് കത്ത് നല്‍കിയത്.

​ഗവര്‍ണറുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്‍റ് ആയാണ് ഹരി എസ് കര്‍ത്തയെ നിയമിച്ചിരിക്കുന്നത്. ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ വിയോജിപ്പ് വ്യക്തമാക്കിയത്. നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്നും സര്‍ക്കാര്‍ കത്തില്‍ പറയുന്നു. ​ഗവര്‍ണറുടെ താത്പര്യപ്രകാരമാണ് നിയമനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത് സംബന്ധിച്ച്‌ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് ഈ ആവശ്യം അംഗീകരിക്കാനായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K