16 February, 2022 12:33:40 PM


ട്രാൻസ്ഗ്രിഡ് അഴിമതി: എംഎം മണി മന്ത്രിയെ ഭീഷണിപ്പെടുത്തുന്നു - പ്രതിപക്ഷ നേതാവ്



തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോർഡിലെ ക്രമക്കേട് കെഎസ്ഇബി ചെയർമാൻ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ അന്വേഷണം വേണം. പ്രതിപക്ഷം ഉന്നയിച്ച ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോൾ വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടെൻഡർ വിശദാംശങ്ങൾ എഞ്ചിനീയർമാർ തന്നെ ചോർത്തി കൊടുക്കുന്നുവെന്ന് ചെയർമാൻ തന്നെ പറയുന്നു. വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചര വർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങൾ വിശദീകരിക്കണം. ഈ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അഴിമതി കൊണ്ട് ഉണ്ടാകുന്ന നഷ്ടം വൈദ്യുതി ചാർജ് കൂട്ടി ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നു. 

വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാൻ ബി അശോക് പറഞ്ഞ ഒന്നും നിഷേധിച്ചിട്ടില്ലെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. എല്ലാം തള്ളിയത് പഴയ മന്ത്രിയാണ്. ട്രാൻസ്ഗ്രിഡ് അഴിമതി ഉന്നയിച്ചപ്പോഴും ഇങ്ങനെയാണ് മറുപടി നൽകിയത്. പുതിയ മന്ത്രി കൃഷ്ണൻകുട്ടിയെ എംഎം മണി ഭീഷണിപ്പെടുത്തുകയാണെന്നും പാർട്ടി ഓഫീസ് പോലെയാണ് കെഎസ്ഇബി പ്രവർത്തിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K