20 February, 2022 02:03:10 PM


നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാന്‍ അനുമതി



തിരുവനന്തപുരം: നഗരസഭാ അധ്യക്ഷൻമാർക്ക് ഇഷ്ടമുള്ളവരെ പേഴ്സണൽ സ്റ്റാഫായി നിയമിക്കാൻ സർക്കാർ അനുമതി. കരാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. നേരത്തെ എൽഡി ക്ലർക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. മന്ത്രിമാരുടെ പേഴ്സണൽ നിയമനത്തിനെതിരെ ഗവർണ്ണർ നിലപാടെടുത്തിന് പിന്നാലെയുള്ള പുതിയ നീക്കം വീണ്ടും രാഷ്ട്രീയ നിയമനത്തിന് കളമൊരുക്കുകയാണ്. 

ജോലിഭാരം കൂടുതലായത് കൊണ്ടാണ് പിഎമാരെ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുൻസിപ്പൽ ചേംബർ ചെയർമാൻ എം കൃഷ്ണദാസിന്‍റെ വിശദീകരണം. മുൻസിപ്പാലിറ്റികളിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം ഉള്ളതിനാലാണ് കരാർ വ്യവസ്ഥയിലെ നിയമനം. നിമയനം പൂർണ്ണമായും നിയമപരമായിരിക്കുമെന്നും എം കൃഷ്ണദാസ് പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ തടയുമെന്ന് പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അടുത്ത നീക്കം എന്തെന്ന് കാത്തിരിക്കുന്നതിനിടെയാണ് സർക്കാറിന്‍റെ പുതിയ നീക്കം. 

രാഷ്ട്രീയ നിയമനങ്ങൾക്ക് പെൻഷൻ കൊടുക്കുന്ന രീതിയിൽ അക്കൗൻണ്ടന്‍റ് ജനറലിനെ ഇടപെടുത്താനാണ് രാജ് ഭവൻ നീക്കം. പക്ഷെ സ്റ്റാഫ് നിയമനം സർക്കാറ്റിന്‍റെ നയപരമായ കാര്യം ആയതിനാൽ ഗവർണർക്ക് ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് സർക്കാർ നിലപാട്. ഗവർണറുടെ മുന്നറിയിപ്പിൽ ഇന്ന് ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും പ്രതികരണം ഉണ്ടാകും. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ചൂണ്ടികാട്ടിയിരുന്നു. 

നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും. ഗവര്‍ണര്‍ ശക്തമായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ പ്രശ്നം മുൻപും കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. 

മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കും. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല. സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്. 

എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെൻഷൻ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്. ഇതേക്കുറിച്ചും പതിനൊന്നാം ശമ്പള കമ്മീഷൻ ചൂണ്ടിക്കാണിച്ചു. നാല് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള പേഴ്സണല്‍ സ്റ്റാഫിനേ പെൻഷൻ കൊടുക്കാവൂവെന്ന് ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിക്കാതെ ഒഴിഞ്ഞു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ശക്തമായ നിലപാട് എടുത്ത സാഹചര്യത്തില്‍ ഇനി സ്വന്തക്കാരെ നിയമിച്ച് അവര്‍ക്ക് പെൻഷൻ നല്‍കുന്ന രീതിയില്‍ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് അറിയേണ്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K