28 February, 2022 05:08:23 PM


പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു; സിപിഎം സമ്മേളനത്തിന് എതിരെ കോടതി



കൊച്ചി: സിപിഎം സമ്മേളനത്തിന് നടപ്പാത കയ്യേറി കൊടിതോരണങ്ങൾ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൊടിതോരണങ്ങൾ കെട്ടാനായി കോർപ്പറേഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അനുമതിപത്രം കോടതിയിൽ ഹാജരാകണമെന്നും അഞ്ചാം തീയതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോർട്ടുകൾ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍  അഭിപ്രായപ്പെട്ടു. 

ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു.  ഉത്തരവുകള്‍ നടപ്പാക്കാൻ, ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ? കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്? ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്? വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു.  ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. റോഡിൽ നിറയെ ഭരണ കക്ഷിയുടെ കൊടികൾ ആണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിക്കുകയായിരുന്നു. 

റോഡ് അരികിലെ ഫ്ലെക്സ് ബോർഡുകളുടെ പേരിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയ്ക്ക് എതിരെയും ഹൈക്കോടതി വിമർശനം ഉണ്ടായി. അനധികൃത ബോർഡ്‌ നീക്കാൻ ആയില്ലെങ്കിൽ എങ്ങനെ സെക്രട്ടറി ആ സ്ഥാനത്ത് ഇരിക്കും. കലൂരിൽ അടക്കം ഇപ്പോഴും നിരവധി ബോർഡുകൾ കാണാം. ഹൈക്കോടതി നോക്ക്‌ കുത്തി ആണെന്ന് ധരിക്കരുത്. കഴിഞ്ഞ 3 വർഷം ആയി കോടതി ഇക്കാര്യം പറയുന്നു. നിയമലംഘനത്തിന് എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി വിമർശിച്ചു.

കൊടി തോരണങ്ങള്‍ കെട്ടുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. അഞ്ചാം തീയതി വരെ കൊടിതോരണങ്ങള്‍ കെട്ടാനായി കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അന്ന് തന്നെ മുഴുവന്‍ കൊടിതോരണങ്ങളും നീക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കോര്‍പറേഷന്‍റെ അനുമതിപ്പത്രം കോടതിയില്‍ ഹാജരാക്കണമെന്നും അഞ്ചാം തീയിതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K