05 March, 2022 10:48:28 AM


സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ പേരിലും ഓണ്‍ ലൈന്‍ തട്ടിപ്പ്



കൊല്ലം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ പേരിലും ഓണ്‍ ലൈന്‍ തട്ടിപ്പ്. വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഹൈ ടെക് സംഘം തട്ടിയത് 14 ലക്ഷംരൂപ. ഉത്തരേന്ത്യന്‍ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്.

സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വെച്ച്‌ വാട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു.

സംശയം തീ‍ര്‍ക്കാന്‍ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെെടെക്ക് സംഘത്തിന്‍റെ വലയില്‍ കുരുങ്ങി. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് ഹൈ ടെക് സെല്ലിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K