23 May, 2022 04:54:12 PM


നിയമ പഠന മേഖലയിൽ മികവിന്‍റെ ചരിത്രമെഴുതാൻ കൊച്ചി നുവാൽസ്

വിവിധ കോഴ്സുകളില്‍ തുടർപഠനത്തിന് അപേക്ഷ മെയ് 31 വരെ



കൊച്ചി: നുവാൽസിലെ  ത്രിവത്സര എക്സിക്യൂട്ടീവ് എൽ.എൽ.എം., പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.എം- പി.എച്ച്ഡി  എന്നീ കോഴ്സുകളിൽ, എൽ.എൽ.ബിക്ക് ശേഷം പല കാരണങ്ങളാൽ തുടർപഠനം  സാധിക്കാതെ വന്നവർക്ക് പ്രവേശനം നേടാവുന്നതാണ്.

എക്സിക്യൂട്ടീവ് എൽ.എൽ.എം, വർഷത്തിൽ 30 - 40 ക്ലാസ്സുകളായി ഓൺലൈനായും ഓഫ്‌ലൈനായും പുരോഗമിക്കുന്നതാണ്. ആറ് സെമസ്റ്ററുകൾ അടങ്ങുന്ന ക്രെഡിറ്റ്- സെമസ്റ്റർ സമ്പ്രദായത്തിൽ, മൂന്ന് വർഷം  ദൈർഘ്യമുള്ള ഒരു റെഗുലർ കോഴ്സാണ് ഇത്. നിയമബിരുദം നേടിയ, 5 വർഷത്തിൽ കുറയാതെ  പ്രൊഫഷണലായോ അഭിഭാഷകരായോ ജോലി ചെയ്തവർക്ക് അപേക്ഷിക്കാം. 35% സീറ്റുകൾ ജുഡീഷ്യൽ ഓഫീസർമാർക്കും 35% പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്കും 20% പൊതുമേഖലയിലെ നിയമ ഓഫീസർമാർക്കും 10% സ്വകാര്യമേഖലയിലെ നിയമ ഓഫീസർമാർക്കും സംവരണം ചെയ്തിരിക്കുന്നു. ഇതിനുപുറമെ, കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരമുള്ള സാമുദായിക സംവരണവും ലഭിക്കും.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.എം- പി.എച്ച്ഡി  (2+3) പ്രോഗ്രാം, ആദ്യ രണ്ടു വർഷം എൽ.എൽ.എം, ശേഷം പി.എച്ച്ഡി പൂർത്തിയാക്കുന്നതുമായാണ് ക്രമീകരിച്ചിരിക്കുന്നത്. എൽ.എൽ.എം വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ മൂന്നാം വർഷത്തിൽ പി.എച്ച്ഡി ക്ക് ചേരുവാൻ സാധിക്കുകയുള്ളൂ. അംഗീകൃത സർവകലാശാലയിൽ നിന്നും നിയമ ബിരുദ പരീക്ഷ പാസായവർക്ക് നുവാൽസിലെ  ഇന്റഗ്രേറ്റഡ് എൽ.എൽ.എം- പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം. അർഹരായ വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായുള്ള ഗവണ്മെന്റ് ഫെല്ലോഷിപ്പ്, കണ്ടിജൻറ് ഗ്രാന്റ് എന്നിവയോടു കൂടി ഈ  കോഴ്‌സ്‌ പൂർത്തിയാക്കാം.

അതോടൊപ്പം, ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന മെഡിക്കൽ ലോ, സൈബർ ലോ, ബാങ്കിങ് ലോ, ഇൻഷുറൻസ് ലോ, എഡ്യൂക്കേഷൻ ലോ ആൻഡ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നുവാൽസ് നടത്തുന്നുണ്ട്. ത്രിവത്സര എക്സിക്യൂട്ടീവ് എൽ.എൽ.എം., പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.എം- പി. എച്ച്ഡി  കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 25 .

ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സുകളിലെ ബാങ്കിങ് ലോ, ഇന്‍ഷുറന്‍സ് ലോ , എഡ്യൂക്കേഷന്‍ ലോ ആന്‍ഡ് മാനേജ്മന്റ് എന്നിവയിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും  മെയ് 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും നിര്‍ദ്ദിഷ്ട ഫോമുകളും നുവാല്‍സ് വെബ്‌സൈറ്റില്‍ ( www.nuals.ac.in ) ലഭ്യമാണ്. ഫോൺ: 94468 99006


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K