10 September, 2022 07:40:15 PM


തെക്കോട്ടും വടക്കോട്ടും ഉള്ള തീവണ്ടികൾ ഒരു ട്രാക്കിൽ; കൺഫ്യൂഷനിലായി യാത്രക്കാർ



കൊച്ചി: തെക്കോട്ടും, വടക്കോട്ടും ഉള്ള തീവണ്ടികൾ ഒരു ട്രാക്കിൽ, കൺഫ്യൂഷനിലായി യാത്രക്കാർ. എറണാകുളം ജംഗ്ഷനിലാണ് കോട്ടയം വഴിയുള്ള കൊല്ലം മെമുവും, പാലക്കാട് പോകുന്ന മെമുവും ഏതാനും മീറ്ററുകളുടെ ദൂരവ്യത്യാസത്തിൽ  മാത്രം പ്ലാറ്റ്ഫോം രണ്ടിൽ നിർത്തിയിട്ടിരുന്നത്. കൊല്ലം മെമു പ്ലാറ്റ് ഫോം നമ്പർ രണ്ടിൽ നിന്ന് പുറപ്പെടുന്നതായി അനൗൺസ്‌മെന്‍റ് ചെയ്യുന്നതനുസരിച്ച് ഓവർ ബ്രിഡ്ജിന്‍റെ പടികൾ ഇറങ്ങിയെത്തിയ യാത്രക്കാർ ആദ്യം കണ്ട മെമുവിൽ ഇടം പിടിച്ചു. എന്നാൽ കോട്ടയം ഭാഗത്തേക്ക്  നീങ്ങി തുടങ്ങിയപ്പോഴാണ് തീവണ്ടി മാറിയതായി ഇവർ മനസിലാക്കിയത്. 

സ്ത്രീകളും, കുട്ടികളും അടക്കമുള്ളവർ ഓടുന്ന തീവണ്ടിയിൽ നിന്ന് ചാടി ഇറങ്ങി. പരിഭ്രാന്തരായി ട്രെയിൻ മാറികയറാൻ ശ്രമിച്ച പലര്‍ക്കും അതിന് കഴിഞ്ഞില്ല. യാത്രക്കാരിൽ ചിലർ ഇത് ചോദ്യം ചെയ്തപ്പോൾ റെയിൽവേയെ തിരുത്താൻ നിങ്ങൾക്ക് അധികാരമില്ലെന്നാണ് പ്ലാറ്റ് ഫോമിലെ  നിയമപാലകരിൽ നിന്നും ജീവനക്കാരിൽ നിന്നും മറുപടി ലഭിച്ചത്. റെയിൽവേയുടെ സിസ്റ്റത്തിലെ പിഴവുകളാണ് ചൂണ്ടിക്കാട്ടിയത് എന്ന് പറഞ്ഞവരോട് ധാർഷ്ട്യം കലർന്ന സമീപനമാണ് ജീവനക്കാർ സ്വീകരിച്ചത്.
 
യാത്രക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം ഉച്ചക്ക് 1.35 ന് സിഗ്നൽ ആയ ശേഷം യാത്രക്കാർ ഓടിക്കയറാൻ മൂന്നു അധിക മിനിറ്റുകൾ ഗാർഡിന്‍റെ അനുമതിയോടെ നൽകുകയായിരുന്നു. പോലീസ് സഹകരണത്തോടെ പാലക്കാട് മെമുവിൽ കയറിയ കൊല്ലം യാത്രക്കാരെ വിവരമറിയിച്ച് ട്രെയിൻ മാറികയറാൻ അവസരമൊരുക്കിയെങ്കിലും നിരവധി പേർക്ക് മാറി കേറുവാൻ സാധിക്കാതെ തീവണ്ടി വിട്ടു പോയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K