15 September, 2022 03:28:56 PM


മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരുക്ക്



ആലുവ: ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരുക്ക്. അപകടത്തിന് പിന്നാലെ റോഡിലെ കുഴികള്‍ നാട്ടുകാര്‍ അടച്ചു. മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാര്‍ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു. അതേസമയം റോഡുകളില്‍ കുഴികളുണ്ടായാല്‍ ആരു പരിപാലിക്കണം എന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നിലവില്‍ വരുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡ് തകര്‍ച്ചയ്ക്ക് കാരണമായ കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ ക്ലൈമറ്റ് സെല്‍ രൂപീകരിച്ചു. പണി പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം പൊട്ടിപ്പൊളിഞ്ഞ ആലുവ പെരുമ്പാവൂര്‍ റോഡ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുംവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെയും തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K