27 September, 2022 03:26:37 PM


ഇഷ്ടപ്പെട്ട യുവാവിനോടൊപ്പം മകൾ പോയതിൽ മനം നൊന്ത് മാതാപിതാക്കൾ തൂങ്ങിമരിച്ചു



കൊച്ചി: ഇഷ്ടപ്പെട്ട യുവാവിന്‍റെ കൂടെ മകൾ ഇറങ്ങിപോയതിൽ മനം നൊന്ത് മാതാപിതാക്കൾ  തൂങ്ങിമരിച്ചു. ചെറായി ബേക്കറിക്ക് പടിഞ്ഞാറ് കണ്ടോൻതറ രാധാകൃഷ്ണൻ (50), ഭാര്യ അനിത (45) എന്നിവരാണ് വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്. മുനമ്പം സ്വദേശിയായ സനത്ത് (25) മാസങ്ങൾക്ക് മുമ്പ് അമൃതയുടെ വീട്ടിൽ വന്ന് മാതാപിതാക്കളോട് തങ്ങൾ സ്നേഹത്തിലാണെന്നും അമൃതയെ വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ മാതാപിതാക്കൾ സ്നേഹ ബന്ധത്തെ ശക്തമായി എതിർക്കുകയാണുണ്ടായത്.

തുടർന്ന് വീട് വിട്ട് സനത്തിന്റെ വീട്ടിലെത്തിയ അമൃത സ്വന്തം വീട്ടിലേക്ക് പോകുന്നില്ലെന്ന് വാശി പിടിച്ചു. സനത്തിന്റെ പിതാവ് ഇക്കാര്യം രാധാക്യഷ്ണനെ ഫോൺ ചെയ്ത് അറിയിച്ചു. മകൾ പോയ ദുഃഖത്തിൽ ഇരുവരും ഒരു ഫാനിൽ തന്നെ ജീവനൊടുക്കുകയായിരുന്നു. മുനമ്പം ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, എസ്.ഐ.രാജീവ്.ടി.കെ, എം.ബി.സുനിൽകുമാർ, കെ.പി.അഭിലാഷ്, എം.സി.ആഷ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. പറവൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മ്യതദേഹം ബന്ധുക്കൾക്ക് ഇന്ന് വിട്ടുകൊടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K