06 February, 2023 06:18:30 PM


രണ്ട് കണ്ടെയ്നര്‍ ലോറികളില്‍ കൊച്ചിയില്‍ എത്തിയ പഴകി പുഴുവരിച്ച മീന്‍ പിടിച്ചെടുത്തു



കൊച്ചി: മരടില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് പുഴുവരിച്ച് ചീഞ്ഞ നിലയിലുള്ള മീനുകളാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്.

ഇന്ന് രാവിലെയും കണ്ടെയ്നറില്‍ നിന്ന് മീന്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. മരട് നഗരസഭാ ആരോഗ്യവകുപ്പും, ഭക്ഷ്യാ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി മരട് നഗരസഭ ചെയര്‍മാനും മറ്റ് അധികൃതരും അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്നറിലെ മുഴുവന്‍ മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ പരിശോധനവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു. ആന്ധ്രപ്രദേശ് രജിസ്ട്രേഷനുള്ള രണ്ട് കണ്ടെയ്നർ ലോറികളിൽ ആണ് പഴകിയ മത്സ്യം കണ്ടെത്തിയത്. വാഹനത്തിൻറെ ഡ്രൈവറോ സഹായികളും ആരും തന്നെ വാഹനത്തിന് അടുത്ത് ഇല്ല. പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K