10 March, 2023 03:57:46 PM


ബ്രഹ്മപുരം തീപിടുത്തം; പുക ശ്വസിച്ച് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ധ ചികിത്സ



കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും.


കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.


ബ്രഹ്‌മപുരം പ്ലാന്‍റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പ്ലാസ്‌റ്റിക് മാലിന്യങ്ങൾ കത്തിയുണ്ടാകുന്ന പുക എൺപത് ശതമാനം അണയ്ക്കാൻ സാധിച്ചെങ്കിലും എപ്പോൾ പൂർണമായി അണയ്ക്കാനാകുമെന്ന് പറയാനാവില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആറടിയോളം താഴ്ചയിലേക്ക് തീ പടർന്നതിനാലാണ് അണയ്ക്കാൻ കഴിയാത്തത്.


കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സ്‌ഥിതിയാണ്. എങ്കിലും സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നും എം.ബി രാജേഷ് പറഞ്ഞു. നഗരത്തിൽ പലയിടങ്ങളിൽ കെട്ടി ക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി തുടങ്ങിയതായും മന്ത്രിമാർ അവകാശപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റാൻ ബദൽ സംവിധാനം കണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K