13 March, 2023 03:21:04 PM


എറണാകുളത്ത് ശ്വാസകോശ രോഗി മരിച്ചു; പുക ആരോഗ്യം വഷളാക്കിയെന്ന് ബന്ധുക്കൾ



കൊച്ചി: എറണാകുളം വാഴക്കാലയിൽ ശ്വാസകോശ രോഗിയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ബ്രഹ്മപുരത്തെ തീപിടുത്തം മൂലമുണ്ടായ വിഷപ്പുക ശ്വസിച്ചാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതതെന്ന് ബന്ധുക്കൾ പറയുന്നു.



ബ്രഹ്‌മപുരത്തെ പുക വ്യാപിച്ചതോടെയാണ് ആരോഗ്യനില വഷളായതെന്ന് ജോസഫിന്‍റെ ഭാര്യ ലിസി പറയുന്നു. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കത്തുന്നതിന്‍റെ രൂക്ഷഗന്ധമാണ്. ഈ സമയത്ത് ശ്വാസംമുട്ടല്‍ രൂക്ഷമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചത്.



ലോറന്‍സ് ജോസഫിന്‍റെ മരണം വിഷപ്പുക മൂലമാണെന്ന് കരുതുന്നുതായി ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.



അതേസമയം, രോഗിയുടെ മരണ കാരണത്തെ കുറിച്ച് ആശുപത്രി അധികൃതരോ ജില്ലാ ഭരണകൂടമോ പ്രതികരിച്ചിട്ടില്ല. വീട്ടിൽ വെച്ചാണ് ലോറൻസ് ജോസഫ് മരിച്ചത്. മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K