14 March, 2023 03:52:29 PM


ബ്രഹ്മപുരത്തെ തീയണച്ച ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ പ്രശംസ



കൊച്ചി : ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിലുണ്ടായ തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച അഗ്നിശമന സേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്‍റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി പ്രശംസിച്ചത്. മാലിന്യ സംസ്കരണത്തിന് കുട്ടികൾക്ക് പരിശീലനം നൽകണം. കൊച്ചിക്കാരെ മുഴുവൻ ബോധവത്ക്കരിക്കുന്നതിനേക്കാൾ നല്ലത് ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതാണെന്നും ഹൈക്കടതി നിരീക്ഷിച്ചു. 


മാലിന്യസംസ്കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും മൂന്നാർ അടക്കമുളള ഹിൽ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനും സംവിധാനം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇപ്പോഴുള്ള സാഹചര്യത്തിന് മാറ്റമുണ്ടാകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് ഇപ്പോഴത്തെ കുഴപ്പമെന്നും കോടതി ചൂണ്ടിക്കാട്ടി. മാലിന്യ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നതായി ജില്ലാ കലക്ടർ കോടതിയിൽ വിശദീകരണം നൽകി. ഫയർ ഫൈറ്റിങ് യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നതായും വായുവിന്‍റെ നിലവാരവും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടുവെന്നും ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. 


ഇതോടെ കലക്ടർ എന്ന നിലയിൽ മാത്രമല്ല കൊച്ചി നിവാസി എന്ന നിലയിലും മാലിന്യ പ്രശ്നത്തിൽ പ്രതികരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഉറവിട മാലിന്യ സംസ്കരണം ഫലപ്രദമായി നടക്കണം. ഇത്  നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. നവകേരള പരിപാടിയിൽ മാലിന്യ വിഷയം ഉൾപ്പെടുത്തണം. എല്ലാവരുമായി ചർച്ച നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K