20 March, 2023 04:17:46 PM


കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത് പത്മലക്ഷ്മി



കൊച്ചി: ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത് പത്മലക്ഷ്മി. എൻറോൾ ചെയ്ത പത്മലക്ഷ്മി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞു. ഇന്നലെ 1528 അഭിഭാഷകരാണ് എൻറോൾ ചെയ്തത്. നിയമത്തിന്‍റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാവുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു. 


അഭിഭാഷകയാകുകയെന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നു. 2019ൽ എറണാകുളം ഗവ. ലോ കോളേജിൽ നിയമപഠനത്തിനെത്തി. ഭൗതികശാസ്‌ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി രണ്ട്‌ വർഷത്തിനുശേഷമായിരുന്നു ഇത്‌. എൽഎൽബി അവസാന വർഷമാണ്‌ അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച്‌ കൃത്യമായി സംസാരിക്കുന്നത്‌. കേൾക്കുമ്പോൾ അവർക്ക്‌ ബുദ്ധിമുട്ടുണ്ടാകുമോ എന്ന്‌ പേടിയുണ്ടായിരുന്നു. എന്നാൽ, "എന്തുകാര്യവും നീ ഞങ്ങളോടാണ്‌ പറയേണ്ടതെന്ന്‌' പറഞ്ഞ്‌ അച്ഛൻ മോഹനകുമാറും അമ്മ ജയയും പത്മയ്‌ക്ക്‌ പൂർണപിന്തുണ നൽകിയെന്നും പത്മലക്ഷ്മി പറയുന്നു.  


പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ് രം​ഗത്തെത്തി. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളില്ല. തടസങ്ങൾ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേർത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


നീതിക്കായുള്ള പോരാട്ടത്തിൽ ഏത് ഭാഗത്ത് നിൽക്കണമെന്ന് പത്മലക്ഷ്മി കടന്നുവന്ന വഴികൾ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ്‌ ലക്ഷ്യമെന്ന പത്മലക്ഷ്മിയുടെ വാക്കുകൾ അത്രമേൽ മൂർച്ചയുള്ളതാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കൂടുതലാളുകൾ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. അഡ്വ. പത്മലക്ഷ്മിയെയും ഇന്നലെ എൻറോൾ ചെയ്ത 1528 അഭിഭാഷകരെയും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.-മന്ത്രി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K