11 April, 2023 03:16:56 PM


ഉന്നത വിദ്യാഭ്യാസ മേഖല മാറ്റത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും പാതയിൽ; മന്ത്രി ആർ. ബിന്ദു



തൃപ്പൂണിത്തുറ: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാറ്റത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. തൃപ്പൂണിത്തുറയിലെ സർക്കാർ സംസ്കൃത കോളേജിൽ കിഫ്ബി, റൂസ ഫണ്ടുകൾ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടോടെ സമഗ്ര പരിഷ്കരണമാണ് സർക്കാർ നടപ്പിലാക്കുന്നത്. കലാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കിഫ്ബി, റൂസ  ഫണ്ടുകൾ ഉപയോഗിച്ച് അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും മികച്ച ലൈബ്രറി സൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി കഴിഞ്ഞ ബഡ്ജറ്റിൽ ആയിരം കോടിയിലധികം നീക്കിവെച്ചു. റൂസ ഫണ്ട് ഉപയോഗിച്ച് 567 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ കലാലയങ്ങളിൽ പുരോഗമിക്കുന്നത്. ഇതിൽ 317 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുമുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സാധ്യമാക്കിയ കേരള മോഡലിന്‍റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് സർക്കാർ പരിഗണന നൽകുന്നത്. 


വരും തലമുറയ്ക്ക് വേണ്ടി ഏറ്റവും മികച്ച വിദ്യാഭ്യാസ രീതിയും മികച്ച തൊഴിൽ മേഖലകളും കേരളീയ അന്തരീക്ഷത്തിൽ തന്നെ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിൽ ബന്ധിപ്പിക്കുന്ന നൈപുണ്യ വികസന ക്ലാസുകൾ വഴി കുട്ടികൾക്ക്  ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ  സാധിക്കും. മാത്രമല്ല   സമൂഹത്തിലെ നേതൃത്വപരമായ മേഖലകളിൽ പ്രവർത്തിക്കുന്നതിന്  കുട്ടികളെ പ്രാപ്തരാക്കുകയും  ചെയ്യുന്നു. വിദ്യാർത്ഥികളുടെ ആശയങ്ങൾ കൂടി വളർത്തിക്കൊണ്ടുവരുന്ന വിധത്തിലുള്ള നോളജ് ട്രാൻസ്ലേഷൻ സെന്‍ററുകളും, ഇൻക്യുബേഷന്‍ സെന്‍ററുകളും സാധ്യമാക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരികയാണ്. കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


5.77 കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ ബിൽഡിംഗിൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി, അക്കാദമിക് ബ്ലോക്ക്, മെയിൻ ലൈബ്രറി , പരീക്ഷാ ഹാൾ, സെമിനാർ ഹാൾ, ലേഡീസ് വെയ്റ്റിംഗ് ഹാൾ തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടുകോടി രൂപയുടെ റൂസ ഫണ്ട് ഉപയോഗിച്ച്  ക്ലാസ് റൂമുകൾ ,സ്റ്റാഫ് റൂമുകൾ ,ഡിജിറ്റൽ ലൈബ്രറി, ഓഡിറ്റോറിയം നവീകരണം,  ടോയ്ലറ്റ് നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K