13 April, 2023 04:07:51 PM


ജലനിധി പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ: കോടികളുടെ പദ്ധതികൾ ഉപേക്ഷിച്ചു



തിരുവനന്തപുരം: കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി (കെ.ആര്‍.ഡബ്ള്യു.എസ്.എ)യുടെ കീഴിൽ നടത്തി വരുന്ന ജലനിധി ശുദ്ധജല പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ. ജലനിധി പദ്ധതികൾ നടപ്പിലാക്കി വരുന്ന ഗ്രാമപഞ്ചായത്തുകൾ, പദ്ധതി പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഇന്നലെ രാവിലെ 11.00 മണി മുതൽ  സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ ഡെൽറ്റ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.


വിജിലൻസ് ദക്ഷിണ മേഖലയിലെ 9-ഉം, കിഴക്കൻ മേഖലയിലെ 10-ഉം , മദ്ധ്യമേഖലയിലെ 8-ഉം, ഉത്തരമേഖലയിലെ 19-ഉം ഉൾപ്പെടെ 46 ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ജലനിധി പദ്ധതികളുടെ പേരിൽ നടപ്പിലാക്കി വരുന്ന ശുദ്ധജലപദ്ധതികളുടെ നിർവ്വഹണ മേൽനോട്ട നടപടികൾ നടത്തുന്നത് ഗുണഭോക്താക്കളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്ത് ലെവൽ ആക്ടിവിറ്റി കമ്മിറ്റി (ജിപിഎല്‍എസി) മുഖേനയാണ് ഇതിന് വേണ്ട സാങ്കേതികസഹായം നൽകുന്നത്. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെ ജീവനക്കാരും പ്രവൃത്തികൾക്ക് ആവശ്യമായി വരുന്ന തുകയുടെ 75% വഹിക്കുന്നത്.സർക്കാരും 15% ഗ്രാമപഞ്ചായത്തും 3% ഗുണഭോക്താക്കളുമാണ്.


സ്വകാര്യ വ്യക്തികൾ മാത്രമുള്ള ജിപിഎല്‍എസി -ൽ ഏറ്റെടുക്കുന്ന ഓരോ സ്കീമുകൾക്കും കരാറുകാരെ തിരഞ്ഞെടുക്കുന്നത് സുതാര്യമായ രീതിയിൽ അല്ലായെന്നും ജിപിഎല്‍എസി-ലെ അംഗങ്ങളുടെ ബിനാമികളാണ് പല കരാറുകാരുമെന്നും കണ്ടെത്തി. കെ.ആര്‍.ഡബ്ള്യു.എസ്.എ. യുടെ കീഴിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം എഞ്ചിനീയർമാരും  നടപടി ക്രമങ്ങൾ പാലിക്കാതെയും ഭാഗികമായി പൂർത്തീകരിച്ച പ്രവൃത്തികൾ പൂർണ്ണമായും നിർമ്മിച്ചെന്ന് കൈക്കൂലി വാങ്ങി തെറ്റായി സാക്ഷ്യപ്പെടുത്തി നൽകിയും യാതൊരു മാനദണ്ഡവും കൂടാതെയാണ് പണം അനുവദിച്ച് വരുന്നതെന്നും കണ്ടെത്തി.


ഉപരിതലങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച ശേഷം ആഴത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതായി സാക്ഷ്യപ്പെടുത്തും. പൊതുകിണറുകളുടെ ആഴം കൂട്ടാതെ ആഴം കൂട്ടിയെന്ന് സാക്ഷ്യപ്പെടുത്തി. ഉപയോഗിക്കുന്ന പൈപ്പുകൾ, മോട്ടോർ പമ്പുകൾ എന്നിവയ്ക്ക് നിഷ്കർഷിക്കുന്ന ഗുണമേന്മയില്ല. പദ്ധതികൾ ഏറെയും നിലവിൽ നിർജ്ജീവാവസ്ഥയിലാണെന്നും ആയത് വഴി സർക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും കണ്ടെത്തി. ഗുണഭോക്തൃ വിഹിതമായി 10% വാങ്ങുന്നതിന് പകരം ‎പല പ്രോജക്റ്റുകളിലും ജിപിഎല്‍എസി-യുടെ ഒത്താശയോടെ ഗുണഭോക്താക്കളിൽ നിന്നും കൂടുതൽ തുക പിരിച്ചെടുത്ത് വീതിച്ചെടുക്കുന്നതായും കണ്ടെത്തി.


ഇന്നലെ മുതൽ നടന്നു വരുന്ന മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളിൽ പലതും പൊതുജനങ്ങൾക്ക് യാതൊരു വിധത്തിലും ഉപയോഗപ്പെടാതെ ഉപേക്ഷിച്ച നിലയിലാണെന്ന് വിജിലൻസ് കണ്ടെത്തി. 


75 കോടി ചിലവഴിച്ച് നിർമ്മിച്ച കാസർകോഡ് ബെല്ലൂർ ഗ്രാമപഞ്ചായത്തിലെ ജലനിധി പ്രോജക്റ്റ്, 5 കോടി രൂപ മുടക്കി മലപ്പുറം  ചോക്കാട് പഞ്ചായത്തിൽ പൂർത്തികരിച്ച പദ്ധതി, വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ 2.45 കോടി ചിലവഴിച്ച് നിർമ്മിച്ച പദ്ധതി, കണ്ണൂർ കുന്നോത്ത് എന്ന സ്ഥലത്ത് 66 ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച മഞ്ഞക്കാഞ്ഞിരം ജലനിധി പദ്ധതി, കോട്ടയം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ 41.30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പാമ്പുരാൻ പാറ ജലനിധി പ്രോജക്റ്റ്, 20 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച വയനാട് പുൽപ്പളളിയിലെ പ്രോജക്റ്റ് തുടങ്ങിയവ ഇപ്രകാരം യാതൊരു വിധ പ്രയോജനവും ഉപഭോക്താക്കൾക്ക് ലഭിക്കാതെ നിലവിൽ നിശ്ചലാവസ്ഥയിൽ കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.


കോഴിക്കോട് കാട്ടിപ്പാറ പഞ്ചായത്തിലെ കണിക എന്ന സ്ഥലത്ത് സ്ഥാപിച്ച ജലനിധി പ്രോജക്റ്റ് ഏതാനും മാസം മാത്രമാണ് പ്രവർത്തിച്ചതെന്നും പത്തനംതിട്ടയിലെ കണ്ണന്താനം പഞ്ചായത്തിൽ സ്ഥാപിച്ച 15 ജലനിധി പ്രോജക്റ്റുകളിൽ സൌപർണ്ണിക ദയ, നില, തുടങ്ങിയ ആറ് പ്രോജക്റ്റുകൾ നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും കാസർകോഡ് പെരിയ പഞ്ചായത്തിലെ രണ്ടു പദ്ധതികളും കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ നിള പദ്ധതിയും വർഷങ്ങളായി പ്രവർത്തനരഹിതമാണെന്നും വിജിലൻസ് കണ്ടെത്തി.


ജലലഭ്യത ഉറപ്പ് വരുത്താതെയാണ് പല ജലനിധി പ്രോജക്റ്റുകളും നടപ്പിലാക്കിയത് എന്നതിനാൽ പല പദ്ധതികളിലേയും ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനം ലഭിക്കുന്നില്ല. കണ്ണൂർ കണ്ണോത്ത് പറമ്പ പഞ്ചായത്തിലെ പല പദ്ധതികളും വയനാട് പുൽപ്പള്ളിയിലെ താഴശ്ശേരി ജലനിധി പദ്ധതി, തൃശ്ശൂർ ഏലവള്ളി പഞ്ചായത്ത്, കാസർകോഡ് പുല്ലൂർ പഞ്ചായത്ത്, ഇടുക്കി ചാക്കുപള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലെ പല പദ്ധതികളും ജലലഭ്യത ഉറപ്പ് വരുത്താതെ ആരംഭിച്ചിട്ടുള്ളതാണെന്നും കണ്ടെത്തി. ജലം ലഭിക്കാത്തതിനാൽ ഉപഭോക്താക്കൾ കണക്ഷൻ സ്വയം വിച്ഛേദിച്ചു. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ പഞ്ചായത്തിലെ പദ്ധതികൾ ഉപഭോക്താക്കൾ സ്വയം വിച്ഛേദിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.


കൂടാതെ ചില സ്ഥലങ്ങളിൽ ജലനിധി പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് നൽകുന്ന ജലം ശുദ്ധീകരിക്കാറില്ലെന്നും ജലാശയങ്ങളിൽ നിന്നും നേരിട്ട് ജലം പമ്പ് ചെയ്ത് യാതൊരു വിധ ശുദ്ധീകരണവും നടത്താതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതായും തെളിഞ്ഞു. പത്തനംതിട്ട റാന്നി പഞ്ചായത്തിലെ പാളിക്കവല എന്ന സ്ഥലത്ത് ജലനിധി പദ്ധതിയിൽ നദിയിൽ നിന്നും ശേഖരിക്കുന്ന ജലം 65 കുടുംബങ്ങൾക്ക് ശുദ്ധീകരിക്കാതെ നേരിട്ട് നൽകുന്നതായും കണ്ണന്താനം പഞ്ചായത്തിലെ ഒട്ടുമിക്ക ജലനിധി പദ്ധതികളിലും ഫിൽട്ടർ സംവിധാനം കാര്യക്ഷമമല്ലെന്നും വിജിലൻസ് കണ്ടെത്തി.



ജലനിധി പദ്ധതിയിലെ ഗുണഭോക്തൃ സമിതിയുടെ പഞ്ചായത്ത് തലത്തിലെ പ്രതിനിധികൾ അടങ്ങിയ സ്വകാര്യ വ്യക്തികൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള ജിപിഎല്‍എസി സർക്കാരിന്‍റെ യാതൊരു വിധ അനുമതിയും ഇല്ലാതെ ജലനിധി പദ്ധതികളുടെ ക്വട്ടേഷൻ ക്ഷണിച്ചു വരുത്തുന്നുവെന്നും ഇത് വ്യാപകമായ അഴിമതിയിലേയ്ക്ക് നയിക്കുന്നതായും പരാതി ഉയർന്നിരുന്നു. തൃശ്ശൂർ ജില്ലയിലെ നടത്ത ഗ്രാമപഞ്ചായത്തിലെ ജലനിധി ടെണ്ടർ ക്വട്ടേഷൻ ഇല്ലാതെ കരാറുകാരെ ഏല്പിച്ചിട്ടുള്ളതായും കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിൽ 2013-ൽ 3,06,6400/- രൂപ മുടക്കി നിർമ്മിച്ച നിള ജലനിധി പദ്ധതി ഇപ്രകാരം ക്വട്ടേഷൻ ഇല്ലാതെ കരാറുകാരനെ ഏല്പിച്ചിട്ടുള്ളതാണെന്നും   പരിശോധനയിൽ കണ്ടെത്തി.


ജലനിധി പദ്ധതിയിൽ ഉൾപ്പെട്ട പല പദ്ധതികളും സാങ്കേതികാനുമതി ഇല്ലാതെ നിർമ്മിച്ചതാണ്. കോഴിക്കോട് താമരശ്ശേരി പഞ്ചായത്തിലെ കൊടുവള്ളി എന്ന സ്ഥലത്ത് ആരംഭിച്ചിട്ടുള്ള പദ്ധതി, വയനാട് കൂതാടിയിലെ പദ്ധതി, കോഴിക്കോട് താമരശ്ശേരി പഞ്ചായത്തിൽ 7 പ്രോജക്ടുകൾ എന്നിവ സാങ്കേതികാനുവാദം ലഭിച്ചിക്കാതെ പൂർത്തികരിച്ചിട്ടുള്ളതാണെന്ന് കണ്ടെത്തിയിട്ടുള്ളതാകുന്നു.


ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈൻ പ്രവൃത്തികളിൽ പൈപ്പ്  ഇടുമ്പോൾ റോഡുകളിൽ ഉപരിതലത്തിൽ നിന്നും 90 സെ.മി. ആഴവും വീടുകളിലേയ്ക്കുള്ള കണക്ഷന് ഉപരിതലത്തിൽ നിന്നും 70 സെ.മി ആഴവും വേണമെന്നിരിക്കേ പല സ്ഥലങ്ങളിലും ഇത് പാലിക്കാതെ ഉപരിതലത്തിൽ തന്നെ പൈപ്പ് ലൈനുകൾ ഇട്ട ശേഷം  കെ.ആര്‍.ഡബ്ള്യു.എസ്.എ-യുടെ എഞ്ചിനീയർമാർ ആഴത്തിലാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചതെന്ന് സർട്ടിഫൈ ചെയ്ത് തുക മാറിനൽകിയതായും വിജിലൻസ് കണ്ടെത്തി. ഇപ്രകാരം പത്തനംതിട്ടയിലെ തട്ടേയ്ക്കാട് പഞ്ചായത്ത്, കൊല്ലം ജില്ലയിലെ ചവറ പഞ്ചായത്തിലെ വിവിധ ജലനിധി പദ്ധതികൾ, മലപ്പുറം ജില്ലയിലെ ഇടപട്ട പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ നടത്തറ പഞ്ചായത്തിലെ ഇരവിമംഗലം ജലനിധി പ്രോജക്റ്റ്, തൃശ്ശൂർ ജില്ല. എലവള്ളി പഞ്ചായത്ത്, കോട്ടയം പറത്തോട് പഞ്ചായത്ത്, ഇടുക്കി ചാക്കുപള്ളം പഞ്ചായത്ത്, എന്നിവിടങ്ങളിൽ ഉപരിതലത്തിൽ പൈപ്പിട്ട ശേഷം ആഴത്തിൽ പൈപ്പിട്ടതായി എം. ബുക്കിൽ രേഖപ്പെടുത്തി വെട്ടിപ്പ് നടത്തിയിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി.


ജലനിധി പദ്ധതിയിൽ 10% ഗുണഭോക്താക്കളാണ് വഹിക്കേണ്ടതെന്ന ഉത്തരവ് മറികടന്ന് മലപ്പുറം  മൂന്നിയൂർ പഞ്ചായത്ത്, വയനാട് കൂതാടി പഞ്ചായത്ത് തൃശ്ശൂർ നടത്തറ പഞ്ചായത്ത്, എലവള്ളി പഞ്ചായത്ത്, കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് എന്നിവിടങ്ങളിൽ ഉപഭോക്താക്കളിൽ നിന്നും കൂടുതൽ തുക പിരിച്ചെടുക്കുന്നതായും കണ്ടെത്തി.


ഇടുക്കി വണ്ണപുരം ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ച 2014-ൽ ആരംഭിച്ച , 42 ലക്ഷം അടങ്കൽ തുകയ്ക്ക് ഭരണാനുമതി വാങ്ങി ആരംഭിച്ച പ്രവൃത്തി 2015-ൽ പൂർത്തിയാകുന്ന വേളയിൽ 85 ലക്ഷം ചിലവഴിച്ചതായും കണ്ടെത്തി.


ജലനിധി പ്രോജക്റ്റ് നടപ്പിലാക്കിയ മറ്റ് പഞ്ചായത്തുകളിലും പരിശോധന വ്യാപിപ്പിക്കുമെന്നും പ്രസ്തുത പ്രോജക്റ്റിൽ ഉദ്ദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തുന്നതിനുള്ള പരിശോധന വരും ദിവസങ്ങളിൽ തുടരുന്നതാണെന്നും മിന്നൽ പരിശോധനയിൽ കണ്ടെത്തുന്ന അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ  മനോജ് എബ്രഹാം . അറിയിച്ചു.


വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലരിയുടെ മേൽനോട്ടത്തിൽ നടത്തുന്ന സംസ്ഥാനതല മിന്നൽ പരിശോധനയിൽ പോലീസ് സൂപ്രണ്ട് ഇ.എസ്.ബിജുമോൻ നേതൃത്വം നൽകി വരുന്നു. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും മിന്നൽ പരിശോധനയിൽ പങ്കെടുത്തു വരുന്നു.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം ജനങ്ങളോട് അഭ്യർത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K