23 October, 2025 07:02:52 AM
ശബരിമല സ്വര്‍ണക്കവര്‍ച്ച: ബി.മുരാരി ബാബു കസ്റ്റഡിയിൽ

കോട്ടയം : ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. എന്‍എസ്എസ് ഭാരവാഹിയായിരുന്ന മുരാരിയുടെ രാജി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലൊരു നടപടി വന്നാല്‍ മുഖം രക്ഷിക്കുന്നതിനായിരുന്നു ആ നടപടിയെന്ന് ചൂണ്ടികാണിക്കപ്പെട്ടിരുന്നു.
ദേവസ്വം ബോര്‍ഡിലെ പ്രധാന തസ്തികളിലേക്കുളള മുരാരിയുടെ ഉയര്‍ച്ചയ്ക്കു പിന്നില്‍ ചില കേന്ദ്രങ്ങളുടെ സ്വാധീനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ രണ്ടാം പ്രതിയാണ് മുരാരി ബാബു. തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നാണ് അന്വേഷണസംഘം കുടുംബാംഗങ്ങളെ അറിയിച്ചത്.







