19 April, 2023 05:11:15 PM


മാതൃഭാഷയിൽ പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് യുജിസി



ന്യൂഡല്‍ഹി: മാതൃഭാഷയിൽ പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് സർവകലാശാലകൾക്ക് യുജിസി നിർദ്ദേശം. കോഴ്സ് ഇംഗ്ലീഷിൽ ആണെങ്കിലും ഇതിന് അവസരം നൽകണമെന്നും യുജിസി നിർദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാദേശിക ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ നടപടികൾ സ്വീകരിക്കാൻ സർവകലാശാലക്ക് നിർദ്ദേശം നൽകുന്നതിന്‍റെ ഭാഗമാണ് യുജിസിയുടെ നിർദേശം. ഇതുസംബന്ധിച്ച് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ രാജ്യത്തെ സർവകലാശാലകൾക്ക് കത്ത് അയച്ചു. 

കേന്ദ്ര-സംസ്ഥാനസർവകലാശാലകൾക്ക് ഉൾപ്പെടെയാണ് കത്ത് അയച്ചത്. വിഷയം ഇംഗ്ലീഷിൽ പഠിപ്പിച്ചാലും പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാൻ സർവകലാശാല അനുവദിക്കണമെന്നാണ് കത്തിലെ നിർദ്ദേശങ്ങളിൽ ഒന്ന്. 

പ്രാദേശിക ഭാഷകളും ഉപയോഗിക്കുന്നത് സർവകലാശാലകൾ പ്രോത്സാഹിപ്പിക്കണം. പഠനപ്രക്രിയകളിലും പ്രാദേശികഭാഷ ഉപയോഗിക്കണം. പ്രാദേശിക ഭാഷയിലേക്കുള്ള വിവർത്തനത്തിനും സർവകലാശാലകൾ പ്രോത്സാഹനം നൽകണം. പ്രാദേശിക ഭാഷകളിൽ അധ്യാപനവും പഠനവും മൂല്യനിർണ്ണയവും നടത്തിക്കഴിഞ്ഞാൽ, വിദ്യാർത്ഥികളുടെ  വിജയശതമാനം വർദ്ധിപ്പിക്കാനാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ഭാഷപഠനങ്ങൾ ഒഴികെയുള്ള വിഷയങ്ങളിൽ ഇത് നടപ്പാക്കണമെന്നാണ് യുജിസിയുടെ നിർദ്ദേശം. 2035ഓടെ ഉന്നതവിദ്യാഭ്യാസത്തിൽ ജിഇആർ 27 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനുള്ള ലക്ഷ്യം കൈവരിക്കുന്നതിനെ ഇത് ശക്തിപ്പെടുത്തുമെന്നും യുജിസി ചെയർമാൻ നൽകിയ കത്തിൽ പറയുന്നു. സാമൂഹിക പിന്നോക്കാവസ്ഥയിൽ നിന്ന് വിദ്യാർത്ഥികൾക്കും ഈ നടപടി സഹായകരമാകുമെന്നാണ് യുജിസി വിലയിരുത്തൽ. കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി കൂടിയാണ് പ്രാദേശികഭാഷ പ്രോത്സാഹനം യുജിസി നടപ്പാക്കുന്നത്.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K