26 April, 2023 06:38:40 PM


പിരിച്ചുവിട്ട 68 അധ്യാപകർക്ക് 2025 മെയ് വരെ പുനർ നിയമനം നൽകാൻ തീരുമാനം



തിരുവനന്തപുരം: സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഹയർ സെക്കൻഡറി വിഭാഗം ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് 2025 മെയ് 31 വരെ നിയമനം നൽകാനാണ് മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. 68 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു കൊണ്ടാണ് നിയമനം നൽകുന്നത്. ജോലി പോയതിനാൽ സമരത്തിൽ ആയിരുന്ന അധ്യാപകർക്ക് ആശ്വാസമാണ് ഈ തീരുമാനം.

നേരത്തെ പിഎസ്‌സി വഴി നിയമനം ലഭിച്ച് ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്ത ശേഷമാണ് ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിട്ടത്. ഒഴിവുകൾ വരുന്ന മുറക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നൽകുമെന്നായിരുന്നു പിരിച്ചുവിടുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്.

ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി രാജി വച്ച് മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് ഹയര്‍ സെക്കൻ‍ഡറി അധ്യാപക ജോലിയിൽ പ്രവേശിച്ചവരാണ് സർക്കാരിന്‍റെ ഉത്തരവിലൂടെ വഴിയാധാരമായത്. 2017ലെ വിജ്ഞാപനം അനുസരിച്ച് 2018ലെ പരീക്ഷയിൽ മുന്നിലെത്തി 2019ലെ റാങ്ക് ലിസ്റ്റിൽ നിന്ന് 2021ൽ സ്ഥിര നിയമനം കിട്ടിയവരായിരുന്നു ഈ 68 അധ്യാപകരും. 

നിയമന പ്രശ്നത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഈസ്റ്റര്‍ ദിനത്തിൽ അധ്യാപകർ യാചകാ സമരം നടത്തിയിരുന്നു. തസ്തികാ പുനര്‍നിര്‍ണയത്തിന്‍റെ ഭാഗമായി സീനിയര്‍ അധ്യാപകര്‍ ആഴ്ചയിലെടുക്കേണ്ട ക്ലാസ് 24 ൽ നിന്ന് 25 ആക്കിയിരുന്നു. ഇതോടെ ജൂനിയർ അധ്യാപകർ എടുക്കേണ്ട ക്ലാസുകൾ ഏഴിൽ നിന്ന് ആറായി കുറഞ്ഞു. ഇതാണ് 68 അധ്യാപകര്‍ വിദ്യാഭ്യാസവകുപ്പിന് അധികപ്പറ്റാകാൻ കാരണമായത്.സമാന സാഹചര്യമുള്ളപ്പോൾ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് കിട്ടിയ തൊഴിൽ സംരക്ഷണം സര്‍ക്കാര്‍ സ്കൂളുകളിലും വേണമെന്നാണ് ഇവരുടെ ആവശ്യപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K