29 April, 2023 10:23:38 AM


'കരുതല്‍ നല്‍കിയ രോഗം, കനിവു നല്‍കിയ വിമുക്തി': പി എസ് റംഷാദിന് അവാര്‍ഡ്



കൊച്ചി: കോവിഡ് കാലത്തെ മികച്ച മാധ്യമ പ്രവർത്തനത്തിന് ഓസ്ട്രേലിയയിലെ പ്രമുഖ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍റ് നേഴ്സിങ്ങ് ആസ്ട്രേലിയ (ഐ എച്ച് എന്‍ എ) നൽകുന്ന ഗ്ലോബല്‍ മീ‍ഡിയ അവാർഡ് നാലു മലയാളി മാധ്യമ പ്രവര്‍ത്തകർക്ക് . 25000 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവുമാണ് നല്‍കുക. 


പി എസ് റംഷാദ് (സമകാലിക മലയാളം വാരിക), കൃപ നാരായണൻ (മീഡിയ വൺ), ടി ജോര്‍ജ് (മാതൃഭൂമി), റെജി ജോസഫ്‌ (ദീപിക) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. 2020 മെയ്‌ 18 ലക്കത്തില്‍ സമകാലിക മലയാളം വാരിക  കവര്‍ സ്റ്റോറി ആയി പ്രസിദ്ധീകരിച്ച 'കരുതൽ നല്‍കിയ രോഗം കനിവ് നല്‍കിയ  വിമുക്തി ' എന്ന റിപ്പോർട്ടിന് ആണ് റംഷാദിന് അവാര്‍ഡ്‌. കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ്‌ നേഴ്സ് രേഷ്മ മോഹന്‍ ദാസിന്‍റെ കോവിഡ് അതിജീവനത്തിന്‍റെയും കോവിഡ് രോഗികളുമായുള്ള അവരുടെ സഹവാസത്തിന്‍റെയും അനുഭവങ്ങളിലൂടെ കടന്നു പോകുന്ന സമഗ്ര ജീവിതാനുഭവ റിപ്പോര്‍ട്ട്‌ ആയിരുന്നു അത്. 


കേരളത്തില്‍ ആദ്യമായി കോവിഡ് ബാധിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകയാണ് രേഷ്മ മോഹന്‍ദാസ്‌. മികച്ച നഴ്സുമാർക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു. അടുത്ത മാസം 6ന് കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ ആണ് അവാർഡ് വിതരണ ചടങ്ങ്. ഐഎച്ച്എന്‍എ കൊച്ചി ഡയറക്ടര്‍ ഡോ. ഫിലോമിന ജേക്കബ്, സെക്രട്ടറി വിദ്യാലക്ഷമി, ജൂറി ചെയര്‍മാന്‍ ഡോ.ആര്‍. ലത,  ഐഎച്ച്എന്‍എ മീഡിയ അഡ് വൈസര്‍ തിരുവല്ലം ഭാസി എന്നിവര്‍ പ്രസ്സ് മീറ്റില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K