09 May, 2023 03:19:25 PM


'താനൂരിലേത് ഞെട്ടിപ്പിക്കുന്ന സംഭവം'; ഹൈക്കോടതി സ്വമേധയാ കേസെടുത്തു



കൊച്ചി: 22 പേരുടെ ജീവൻ പൊലിഞ്ഞ താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.  ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും കേരളത്തിൽ ഇത് ആദ്യ സംഭവമാല്ലെന്നും പറഞ്ഞ കോടതി അപകടത്തിന്‍റെ മൂലകാരണം കണ്ടെത്താൻ നിർദ്ദേശം നൽകി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ പ്രദേശത്തിന്‍റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. ഇത്തരം അപകടങ്ങൾക്കു നേരെ കണ്ണടച്ചിരിക്കാനാവില്ലെന്നും ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു. എന്നാൽ കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല, സമാന അപകടങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ട്. എല്ലാത്തവണയും അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഒന്നും നടക്കാറില്ല. ഇതിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തേണ്ടതുണ്ട്. അതിനാൽ തന്നെ വിഷയത്തിൽ വിശദവാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

മുമ്പും ഇത്തരത്തിലുണ്ടായ സംഭവങ്ങളിൽ നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. തട്ടേക്കാട്, ഇടുക്കി, തേക്കടി എല്ലാം മറക്കുന്നു, ആരും ഒന്നും പഠിക്കുന്നില്ല. അധിക്കാരികൾ കണ്ണ് അടയ്ക്കുകയാണ് ഓരോ അപകടം കഴിയുമ്പോൾ. എവിടെയാണ് അധികാരികൾ. എന്തിന് കണ്ണ് അടയ്ക്കുന്നു. ഇനി അവർത്തിക്കാൻ അനുവദിക്കില്ല. നഷ്ട പരിഹാരം നൽകുന്നത് മാത്രമല്ല ചെയ്യേണ്ടത്. അപകടങ്ങൾ ആവർത്തിക്കുന്നതിൽ സർക്കാരിനേയും അധികാരികളെയും രൂക്ഷമായി വിമർശിച്ച് കോടതി.

താനൂർ മുനിസിപ്പാലിറ്റിക്ക് നിരവധി ഉത്തരവാദിത്വമുണ്ട്. പല ചോദ്യങ്ങൾക്കും മുനിസിപ്പാലിറ്റി മറുപടി പറയേണ്ടി വരും. ചീഫ് സെക്രട്ടറി, കളക്ടർ എന്നിവരെ എതിർകക്ഷികളാക്കി. ജില്ല കളക്ടർ 12-ആം തീയതി കക്കം റിപ്പോർട്ട് നൽകണം. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ താനൂർ ജനങ്ങളെ കോടതി അഭിനന്ദിച്ചു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് 12-ാം തീയതി വീണ്ടും പരിഗണിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K