19 May, 2023 03:19:20 PM


എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.7



തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99 .70 ശതമാനമാണ് വിജയശതമാനം. 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 68604 വിദ്യാർത്ഥികൾ എല്ലാ  വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ  24241 അധികമാണിത്.

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. ആകെ 4,19,128 പേരാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി ഫലവും മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.

4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും  2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും  68,672 പെൺകുട്ടികളുമാണ്.  എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്‌കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്. 

സർക്കാർ മേഖലയിൽ 1,170 സെന്‍ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്‍ററുകളും  അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്‍ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്‍ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K