23 May, 2023 04:16:13 PM


സിവിൽ സർവീസ് പരീക്ഷാഫലം; പാലാ സ്വദേശി ഗഹന നവ്യാ ജെയിംസിന് ആറാം റാങ്ക്



ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. മലയാളിയായ ഗഹന നവ്യ ജയിംസ് ആറാം റാങ്ക് സ്വന്തമാക്കി. ഗരിമ ലോഹിയ, ഉമാ ഭാരതി, സ്മൃതി മിശ്ര എന്നിവരാണ് രണ്ട്, മൂന്ന്, നാല് റാങ്കുകൾ നേടിയത്. ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്.

പരീക്ഷയിൽ 36-ാം റാറങ്ക് സ്വന്തമാക്കി ആര്യ വി.എം ആണ് ഗഹന നവ്യ ജെയിംസിന് പിന്നിലെ രണ്ടാമത്തെ മലയാളി. ചൈതന്യ അശ്വതി-37, അനൂപ് ദാസ്-38, ഗൗതം രാജ്-63 എന്നിങ്ങനെയാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മറ്റ് മലയാളികൾ. സിവിൽ സർവീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ 345 പേരാണ് യോഗ്യത നേടിയത്.

 ആറാം റാങ്ക് നേടിയ കോട്ടയം പാല പുലിയന്നൂര്‍ സ്വദേശി ഗഹന നവ്യ ജെയിംസാണ് മലയാളികളില്‍ ഒന്നാമത്. പാലാ സെന്‍റ്  തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം നേടിയത്. നിലവില്‍ എംജി യൂണിവേഴ്സിറ്റിയില്‍ ഗവേഷകയാണ്. സിവില്‍ സര്‍വീസ് പഠനത്തിനായി സ്വയം പരിശീലിച്ചാണ് ഗഹന നേട്ടം സ്വന്തമാക്കിയത്. അധ്യാപകന്‍ ജെയിംസ് തോമസിന്‍റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K