23 May, 2023 10:11:42 PM


ചെങ്ങന്നൂർ സ്വദേശികളായ ദമ്പതികൾക്ക് സിവിൽ സർവ്വീസിൽ മികച്ച റാങ്ക്



ആലപ്പുഴ : ചെങ്ങന്നൂർ സ്വദേശികളായ ദമ്പതികൾക്ക് സിവിൽ സർവ്വീസിൽ മികച്ച റാങ്ക്. ചെങ്ങന്നൂർ ശാസ്താംകുളങ്ങര ചൂനാട്ട് മഞ്ജീരം വീട്ടിൽ ഡോ. നന്ദഗോപൻ എം, ഭാര്യ മാളവിക ജി. നായർ  എന്നിവർക്കാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ചത്. നന്ദഗോപൻ  233-ാം റാങ്കും മാളവിക 172-ാം റാങ്കുമാണ് നേടിയത്.

നന്ദഗോപൻ പത്തനംതിട്ട ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ മെഡിക്കൽ ഓഫീസറായി താൽക്കാലിക ജോലി ചെയ്യുന്നു. സെപ്റ്റംബറിലെ പരീക്ഷ കഴിഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ചീഫ് മാനേജർ കീഴ്ച്ചേരിമേൽ ശാസ്താംകുളങ്ങര ചുനാട്ട് മഞ്ജീരം വീട്ടിൽ ആർ. മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീനിയർ സൈക്കാട്രിസ്റ്റ് ഡോ.എസ്. പ്രതിഭയുടേയും മകനാണ് ഡോ. നന്ദഗോപൻ.

അതേ സമയം നേരത്തെ ഐആർഎസ് ലഭിച്ച മാളവിക ഐഎഎസ് നേടണമെന്ന പ്രതീക്ഷയിൽ വീണ്ടും എഴുതുകയായിരുന്നു. ഇപ്പോൾ മംഗലാപുരത്ത് ഇൻംകം ടാക്സ് വകുപ്പിൽ അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്യുകയാണ്. തിരുവല്ല മുത്തൂർ ഗോവിന്ദ നിവാസിൽ കെ.ജി അജിത് കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പി.എൽ ഗീതാലക്ഷ്മിയുടേയും മകളാണ് മാളവിക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K