29 May, 2023 03:16:28 PM


ഒരു കിലോ ലഹരിമരുന്നുമായി വിദേശവനിത കൊച്ചിയിൽ പിടിയിൽ



കൊച്ചി: ഒരു കിലോ ലഹരിമരുന്നുമായി വിദേശവനിത കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. ഷാര്‍ജയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ആഫ്രിക്കൻ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഹെറോയിനാണ് പിടികൂടിയത്.

ഡി ആര്‍ ഐയ്ക്ക് (ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്‍റലിജൻസ്) ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു കിലോ ഹെറോയിൻ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 3.10ന് ഷാര്‍ജയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇവർ കെനിയയില്‍ നിന്ന് ഷാര്‍ജ വഴി കൊച്ചിയിലെത്തിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഡി ആര്‍ ഐ പുറത്തുവിട്ടിട്ടില്ല.

രണ്ടാഴ്‌ച മുൻപ് കൊച്ചി വിമാനത്താവളത്തില്‍ ഒരാളിൽനിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു. വിപണിയിൽ 40 ലക്ഷം രൂപയുടെ ലഹരിമരുന്നാണ് മാലിദ്വീപ് സ്വദേശി യൂസുഫ് ഫൗദിലില്‍ പിടിച്ചെടുത്തത്. ഇയാളില്‍ നിന്ന് 325 ഗ്രാം ആംഫെറ്റമിൻ എന്ന മയക്കുമരുന്ന് സി ഐ എസ് എഫ് പിടികൂടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K