31 May, 2023 02:17:51 PM


ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു



പാലക്കാട്: ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്. സംസ്കാരം വൈകിട്ട് 5.30ന്. ഭാര്യ : നളിനി, മകൾ രമാദേവി. മരുമകന്‍: മിഥുന്‍ പടിഞ്ഞാറേപ്പാട്.

അഴകത്തിന്‍റെ ആത്മാര്‍ത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരില്‍ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങള്‍ പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. ജാതിയും ജാതിവിവേചനങ്ങളും ഉച്ചസ്ഥായിയിൽ നിന്ന കാലത്ത് അബ്രാഹ്മണ ജനസമൂഹത്തെ ശ്രീകോവിലുകള്‍ക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂര്‍വം ആനയിച്ച് കയറ്റിയിരുത്തിയ ആളാണ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തില്‍ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളില്‍ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്‍റെ ജ്ഞാനം ജാതിഭേദമെന്യേ പകര്‍ന്നു നല്‍കാന്‍ ഒരുമടിയും കാണിച്ചില്ല. വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി.

പട്ടാമ്പിയിലെ അഴകത്ത് മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്‍റെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും ഏഴ് മക്കളില്‍ നാലാമത്തെ മകനായി 1950ലാണ് ജനനം. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം, 1972ല്‍ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി. പിന്നീട് തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്‍റെ അദ്ധ്യക്ഷന്‍.

സംസ്‌കൃതം, തന്ത്രം, വേദങ്ങള്‍ എന്നിവയില്‍ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. താന്ത്രിക, ക്ഷേത്രാരാധനാ കര്‍മ്മങ്ങള്‍ ബ്രാഹ്മണരില്‍ മാത്രം നിക്ഷിപ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി മാധവന്റെ പ്രിയ ശിഷ്യനാണ് തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍. തന്ത്രവിധികള്‍ അബ്രാഹ്മണരെ പഠിപ്പിക്കാന്‍ വേണ്ടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രത്യേക ശിബിരങ്ങളില്‍ അദ്ദേഗം ആചാര്യനായി.

ബ്രാഹ്മണ്യം കര്‍മ്മസിദ്ധമെന്ന പ്രഖ്യാപനം നടത്തിയ പാലിയം വിളംബരത്തിന് മുന്നേ തന്നെ അഴകത്ത് ഈ പാതയിലായിരുന്നു. അബ്രാഹ്മണരെ പൂജാവിധികള്‍ പഠിപ്പിക്കാനായി ആലുവ അദ്വൈതാശ്രമത്തില്‍ കാഞ്ചി ശങ്കരാചാര്യരുടെയും പി മാധവന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തിലും തുടര്‍ന്ന് വര്‍ക്കല ശിവഗിരി മഠത്തിലും കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലും നടന്ന ശിബിരങ്ങളിലും ആചാര്യസ്ഥാനം വഹിച്ചു.

തന്ത്രവിദ്യാപീഠത്തില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ വയനാട് കാണിയാംപാറ്റയില്‍ ഉള്ള അയ്യപ്പ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തിയാണ് തുടക്കം. കേരളത്തിന് അകത്തും പുറത്തും നൂറു കണക്കിന് ക്ഷേത്രങ്ങളാണ് ആ മഹായജ്ഞത്തില്‍ ഉയര്‍ന്നുവന്നത്. 1988ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകല്‍പ്പന ചെയ്തതും കൊടുങ്ങല്ലൂരില്‍ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിച്ചതും അഴകത്തായിരുന്നു.

പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിര്‍, മുംബൈയില്‍ താനേ വര്‍ക്കത്ത്‌നഗര്‍ അയ്യപ്പ ക്ഷേത്രം, നേരുള്‍ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വര്‍ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിര്‍, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്‌ളൂരിലെ അള്‍സൂര്‍ അയ്യപ്പ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നിര്‍വഹിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K