12 June, 2023 03:19:46 PM


ബാലവേല വിരുദ്ധ ദിനം: കൊച്ചിയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

 

കൊച്ചി: ലോക ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും തൊഴില്‍ വകുപ്പിന്‍റെയും നേതൃത്വത്തില്‍ ജില്ലയില്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു.  ബാലവേല വിരുദ്ധ സന്ദേശം ഉള്‍കൊള്ളിച്ച് സിവില്‍ സ്റ്റേഷനില്‍ നടത്തിയ പരിപാടിയില്‍ അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് കളമശ്ശേരി രാജഗിരി ഔട്ട് റിച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും കളമശ്ശേരി രാജഗിരി കോളേജിന്‍റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.  

ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജെ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ നോഡല്‍ കോ ഓഡിനേറ്റര്‍ ചാള്‍സ് ചെറിയാന്‍, രാജഗിരി ഔട്ട് റീച്ച് ജില്ലാ കോ ഓഡിനേറ്റര്‍ അഭിജിത് ലാല്‍, വിവിധ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരാഴ്ച വിവിധ ബോധവത്ക്കരണ പരിപാടികള്‍ നടക്കും. ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചൊവ്വാഴ്ച രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. 

ജില്ലയില്‍ ബാലവേല കൂടുതലായി നടക്കുന്ന മേഖലകള്‍ തിരിച്ച് തൊഴിലിടങ്ങളിലും ലേബര്‍ ക്യാമ്പുകളിലും പരിശോധന ശക്തമാക്കും. തങ്ങളുടെ സ്ഥാപനങ്ങളില്‍ ബാലവേല ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് തൊഴില്‍ വകുപ്പ് പോസ്റ്റര്‍ നല്‍കും. ഇത് തൊഴിലുടമകള്‍ സ്ഥാപനങ്ങളില്‍ പതിപ്പിക്കുന്നതിനൊപ്പം ബാലവേല വിരുദ്ധ പ്രതിജ്ഞ എടുക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K