16 June, 2023 12:35:32 PM


പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു



കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന് താത്കാലിക ആശ്വാസം. സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഇതു പരിഗണിക്കുന്നത് ജൂൺ 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്.

സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനസരിച്ചേ പറയാൻ കഴിയൂ എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. ഇതോടെ ഹർജി സർക്കാരിന്‍റെ മറുപടിക്കായി ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റി.

പരാതിക്കാരൻ മോൻസന് 25 ലക്ഷം രൂപ നൽ‌കുമ്പോൾ സുധാകരനും ഒപ്പമുണ്ടായിരുന്നെന്നും അതിൽ നിന്നു 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്നുമാണ് കേസ്. സുധാകരനെതിരെ ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി സുധാരന് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും അസൗകര്യമറിയിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K