03 July, 2023 05:33:10 PM


എം.ജി. സർവകലാശാല: പി.എച്ച്.ഡി രജിസ്ട്രേഷന് ജൂലൈ 31 വരെ അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റർ യൂണിവേഴ്സിറ്റി-ഇന്റർ സ്‌കൂൾ സെന്ററുകളിലും സർക്കാർ, എയ്ഡഡ് കോളജുകളിലെ അംഗീകൃത കേന്ദ്രങ്ങളിലും 2023 വർഷത്തെ പി.എച്ച്.ഡി രജിസ്ട്രേഷന് ജൂലൈ 31 വരെ അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും മഹാത്മാ ഗാന്ധി സർവകലാശാലയുടെയോ മറ്റ് സർവകലാശാലകളുടെയോ ബിരുദാനന്തര ബിരുദത്തിന് തുല്യമായി അംഗീകരിക്കപ്പെട്ട പ്രഫഷണൽ ഡിഗ്രി 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെയോ തത്തുല്യ ഗ്രേഡോടെയോ വിജയിച്ചവരെയുമാണ് പരിഗണിക്കുന്നത്.

നാല് വർഷത്തിലധികം ദൈർഘ്യേമുള്ള എം.ബി.ബി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.ഡി.എസ്., ബി.വി.എസ്.സി., ബി.ടെക്ക് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും നിശ്ചിത ശതമാനം മാർക്ക് ഉണ്ടെങ്കിൽ അപേക്ഷിക്കാം. ഇന്ത്യയിൽ അംഗീകരിച്ച എം.ഫിലിന് തുല്യമായ ബിരുദമോ വിദേശത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് തത്തുല്യ ബിരുദമോ നേടിയവർക്കും ചുരുങ്ങിയത് 55 ശതമാനം മാർക്കോടെ സി.എ., ഐ.സി.ഡ.ബ്ല്യൂ.എ., എ.സി.എസ്. യോഗ്യതയുള്ളവർക്കും അനുബന്ധ മേഖലകളിൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്യാം.

പ്രവേശന പരീക്ഷയിൽ ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്കും 2022-23 വർഷത്തെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്കും  രജിസ്‌ട്രേഷന് അവസരമുണ്ട്  ഈ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷയ്ക്കൊപ്പം അനുബന്ധ രേഖകളും ഹാജരാക്കണം.  

എസ്.സി., എസ്.ടി., ഒ.ബി.സി., ഒ.ഇ.സി., ഭിന്നശേഷി വിഭാഗക്കാർ 1991 സെപ്റ്റംബർ 19 ന് മുമ്പ് ബിരുദാനന്തര ബിരുദം എടുത്തിട്ടുള്ളവർ എന്നിവർക്കും യു.ജി.സി. പ്രത്യേകമായി ഇളവുകൾ അനുവദിച്ചിട്ടുള്ളവർക്കും യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനത്തിന്‍റെ ഇളവ് അനുവദിച്ചിട്ടുണ്ട്.

താത്പര്യമുള്ളവർ അപേക്ഷയും അനുബന്ധ രേഖകളും research@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 31ന് വൈകുന്നേരം അഞ്ചിനു മുൻപ് സമർപ്പിക്കണം.  അപേക്ഷയുടെയും അനുബന്ധരേഖകളുടെയും പ്രിന്റ് ഔട്ട് ഡെപ്യൂട്ടി രജിസ്ട്രാർ 1 (അക്കാദമിക്), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം - 686560' എന്ന വിലാസത്തിൽ ആഗസ്ത് 16 ന് മുമ്പ് ലഭ്യമാക്കുകയും വേണം.

 പി.എച്ച്.ഡി. രജിസ്‌ട്രേഷന് ജനറൽ വിഭാഗത്തിന് 1105 രൂപയും എസ്.സി, എസ്.ടി. വിഭാഗങ്ങളിൽപ്പെട്ടവർക്ക് 830 രൂപയും വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് 3150 രൂപയുമാണ് ഫീസ് നിരക്ക്.

കൂടുതൽ വിവരങ്ങൾ https://research.mgu.ac.in  എന്ന പോർട്ടലിലും research@mgu.ac.in, aca2@mgu.ac.in, aca10@mgu.ac.in, aca11@mgu.ac.in, aca13@mgu.ac.in എന്നീ ഇ-മെയിൽ വിലാസങ്ങളിലും 0481-27335534, 2733585, 2733586, 2733588, 2733568 എന്നീ ഫോൺ നമ്പരുകളിലും ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K