10 July, 2023 05:20:42 PM


'അടികിട്ടിയത് ബസുടമയ്ക്കല്ല; കോടതിയുടെ മുഖത്ത്': രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി



കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍  സ്വമേധയാ എടുത്ത  കോടതിയ ലക്ഷ്യകേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോട്ടയം ജില്ലാ പോലീസ് മേധാവിയും ,സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. കോടതിക്ക് മുന്നിലും ലേബർ ഓഫിസർക്ക് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്നു കോടതി വ്യക്തമാക്കി.ആക്രമണം പെട്ടെന്നു ആയിരുന്നു എന്ന് പോലീസ് വശദീകരിച്ചു.

നാടകമല്ലെ നടന്നതെന്ന് കോടതി ചോദിച്ചു. ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിന്‍റെ  ഭാഗത്തു നിന്നും ഉണ്ടായി എന്ന് കോടതി വിമർശിച്ചു. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് പോലീസിനോട് കോടതി ചോദിച്ചു..

പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നു ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന  തോന്നൽ ഉണ്ടാക്കും.ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്ന് കോടതി ചോദിച്ചു.

കുമരകം എസ്എച്ചഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നൽകണം.കേസ് 18 നു വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും വീണ്ടും ഹാജരാവണം.പോലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദ്ദനം ഉണ്ടായി, അതിൽ എന്ത് അന്വേഷണം നടത്തി എന്ന് കോടതിയെ അറിയിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K