16 August, 2023 10:49:28 AM


അധ്യാപകനെ അവഹേളിച്ച സംഭവം; നിയമനടപടിക്കൊരുങ്ങി മഹാരാജാസ് കോളേജ്



എറണാകുളം: മഹാരാജാസിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ വെച്ച് അവഹേളിച്ച സംഭവത്തിൽ കോളജ് നിയമനടപടിക്കൊരുങ്ങുന്നു. വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ ഇന്ന് പരാതി നൽകും. വിഷയത്തിൽ കോളേജ് ആഭ്യന്തര സമിതി അന്വേഷണവും ഇന്ന് തുടങ്ങും.

റിപ്പോർട്ട് ഏഴു ദിവസത്തിനകം സമർപ്പിക്കും. വിദ്യാർത്ഥികൾക്കെതിരായ തുടർ നടപടികൾ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ഓഗസ്റ്റ് പതിനാലിനാണ് അധ്യാപകൻ പ്രിൻസിപ്പലിന് പരാതി നൽകിയത്. 

കാഴ്ച്ചപരിമിതിയുള്ള താൻ ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ കുട്ടികൾ അലക്ഷ്യമായി ഇരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റൊരു കുട്ടി അനുവാദമില്ലാതെ ക്ലാസിലേക്ക് കയറുകയും പിന്നിൽ നിന്ന് ചേഷ്ടകൾ കാട്ടുകയും ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുവെന്നതാണ് പരാതി.

അധ്യാപകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര സമിതിക്കുള്ള നിർദേശം. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.സുജ ടി വി കൺവീനറായും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ഡോ. സന്ധ്യ എസ്. നായർ, അറബിക് വിഭാഗം വകുപ്പ് മേധാവി ഡോ. അബ്ദുൽ ലത്തീഫ് കോഴിപ്പറമ്പൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

മുഹമ്മദ് ഫാസിൽ സി എ, നന്ദന സാഗർ,രാകേഷ് വി, പ്രിയദ എൻ ആർ, ആദിത്യ എം, ഫാത്തിമ നസ്ലം എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K