15 September, 2023 05:04:39 PM


അരിക്കൊമ്പനെ തിരികെ എത്തിക്കണം; ഇടുക്കി കളക്ട്രേറ്റിനു മുന്നിൽ അരിക്കൊമ്പൻ ഫാൻസ്



ഇടുക്കി: ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി അരിക്കൊമ്പൻ ഫാൻസ്. ഇടുക്കി കളക്ട്രേറ്റിലാണ് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലുള്ളവർ ഒത്തുകൂടിയത്. ചിന്നകനാൽ, ശാന്തൻപാറ മേഖലകളിൽ അരികൊമ്പന്‍റെ ശല്യം രൂക്ഷമായിരുന്നതിനാലാണ് ആനയെ ഇവിടെ നിന്നും മാറ്റിയത്.

ചിന്നകനാലിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്കും പിന്നീട് തമിഴ്നാട് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെ മാറ്റിയത്. റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ വിവരവും ലഭിക്കുന്നില്ലെന്നും തമിഴ്നാട് സർക്കാർ അരികൊമ്പന്‍റെ ഇപ്പോഴുള്ള ചിത്രങ്ങൾ പുറത്ത് വിടാത്തതിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് അരിക്കൊമ്പൻ സ്നേഹികൾ ഇടുക്കി കളക്ട്രേറ്റിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്.
ധർണ്ണ വാവ സുരേഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ച് ആനയെ തിരികെ എത്തിക്കണമെന്ന് വാവ സുരേഷ് ആവശ്യപ്പെട്ടു. ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും കൈയ്യേറ്റക്കാരുടെയും റിസോട്ട് മാഫിയായുടെയും ഇടപെടൽ മൂലമാണ് അരിക്കൊമ്പനെ നാട് കടത്തിയതെന്നും ഈ പ്രദേശങ്ങളിലെ വനവാസി വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് കൊമ്പൻ യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും ഇവർ പറയുന്നു. ആനയെ തിരികെ എത്തിക്കുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ തുടരാനാണ് ഇവരുടെ തീരുമാനം.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K