20 September, 2023 11:09:24 AM


മുഖ്യമന്ത്രിക്ക് പറക്കാനായി ഹെലികോപ്റ്ററെത്തി; 20 മണിക്കൂറിന് 80 ലക്ഷം വാടക



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രക്കും പൊലീസ് ആവശ്യങ്ങൾക്കുമായി വാടകയിക്കെടുക്കുന്ന ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്‍റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്‍റെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, മാസം 80 ലക്ഷം രൂപ നൽകിയാണു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. മാസം 20 മണിക്കൂർ പറക്കാനാണ് 80 ലക്ഷം ഈടാക്കുന്നത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നൽകണം.

മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ ഒപ്പിട്ടത്. രണ്ട് വർഷത്തേക്കു കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം.

നേരത്തെ, കോടിക്കണക്കിന് രൂപ ചിലവാക്കിയാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. എന്നാൽ എന്തിനാണ് ഹെലികോപ്റ്റർ എടുത്തത് എന്നതിൽ കാര്യമുണ്ടായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റർ എടുത്തതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിന് തുടർന്ന് തീരുമാനം തല്ക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാർ നൽകുകയായിരുന്നു.

തിരുവനന്തപുരത്ത് ആണെങ്കിൽ പാർക്കിങ് തുക കൂടി വേണമെന്നു കമ്പനി ആവശ്യപ്പെട്ടു. ഒടുവിൽ ചാലക്കുടിയിൽ പാർക്ക് ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിച്ച് കരാർ ഒപ്പുവയ്ക്കാൻ തീരുമാനിച്ചു.മധ്യകേരളത്തിൽനിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണു പാർക്കിങ് ചാലക്കുടിയിൽ മതിയെന്ന തീരുമാനിച്ചതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K