29 September, 2023 07:13:00 PM


നഗര മാലിന്യ സംസ്കരണം: നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം - പ്രഫ. ആന്‍ജ് സീഹു



കോട്ടയം : നഗരങ്ങളിലെ മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് ലഭ്യമായ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഫ്രാന്‍സിലെ ഐ.എം.ടി മൈന്‍സ് ആല്‍ബി സര്‍വകലാശാലയിലെ പ്രഫ. ആന്‍ജ് സീഹു  അഭിപ്രായപ്പെട്ടു. മാലിന്യ സംസ്കരണ മാതൃകകളെക്കുറിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


നഗരങ്ങളില്‍നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ നിക്ഷേപിക്കേണ്ടി വരുമ്പോള്‍ അത്തരം സ്ഥലങ്ങള്‍ പ്രത്യേകമായി ഒരുക്കണം. മാലിന്യ കൂമ്പാരങ്ങളില്‍നിന്നുള്ള മലിന ജലം മണ്ണിലേക്കും സമീപത്തെ ജലാശയങ്ങളിലേക്കും പരക്കുന്നത് ഫലപ്രദമായി തടയുന്ന ജൈവ സ്ഥരങ്ങള്‍ ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ രീതി പിന്തുടരുന്നത് ഫലപ്രദമാണ്.


ബയോഗ്യാസില്‍നിന്ന് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ബയോ ഗ്യാസിന്‍റെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിനുള്ള ഫില്‍ട്ടറുകളും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മാലിന്യ സംസ്കരണത്തിനായി  ഉപയോഗിക്കുന്നുണ്ട്. ഇത്തരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഇന്ത്യയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതിക പിന്തുണ സൗജന്യമായി ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.


എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ നോബെല്‍ പുരസ്കാര ജേതാക്കളായ ജോണ്‍ ബി. ഗുഡെനോഹ്, എം. സ്റ്റാന്‍ലി വിറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവരുടെ പേരിലുള്ള ചെയറിന്‍റെ ചെയര്‍ പ്രഫസര്‍കൂടിയാണ് പ്രഫ. ആന്‍ജ് സീഹു. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ചടങ്ങില്‍  ചുമതയേറ്റ സീഹുവിവിന് മുന്‍ വൈസ് ചാന്‍സലറും സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് ഡയറക്റുമായ പ്രഫ. സാബു തോമസ് സര്‍ട്ടിഫിക്കറ്റ് ഔപചാരികമായി കൈമാറി.


ഊര്‍ജ്ജം, ജൈവ ഇന്ധനങ്ങള്‍, മാലിന്യങ്ങളില്‍നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഫ. ആന്‍ജ് സീഹു അമേരിക്കയിലെ പ്രിന്‍സ്റ്റെന്‍ സര്‍വകലാശാല, ചൈനയിലെ ഷെജിയാംഗ് സര്‍വകലാശാ തുടങ്ങിയ കേന്ദ്രങ്ങളില്‍ വിസറ്റിംഗ് പ്രഫസറാണ്.


പ്രഭാഷണ പരിപാടിയില്‍ ഫ്രാന്‍സിലെ തുളോസ്  സര്‍വകലാശാലയിലെ ഗവേഷക  ഡോ. നതാലി ലിസ്കോ, സെന്‍റര്‍ ഫോര്‍ അള്‍ട്രാഫാസ്റ്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍,  സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് ഡയറക്ടര്‍ ഡോ. എം.എസ്.ശ്രീകല, പ്രഫ. അനിത സി. കുമാര്‍, കാനഡയില്‍നിന്നുള്ള പ്രഫ. ജോ താരമംഗലം, പ്രഫ. എല്‍സി താരമംഗലം, സെന്‍റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്‍റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുകുളം, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ  പ്രതിനിധികള്‍ തുടങ്ങിയവര്‍ നേരിട്ടും വിവിധ വിദേശ രാജ്യങ്ങളില്‍നിന്ന് നൂറിലധികം പേര്‍ ഓണ്‍ലൈനിലും പരിപാടിയില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K