08 October, 2023 01:06:34 PM


മുനമ്പം ബോട്ട് അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി



കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി താഹ എന്നുവിളിക്കുന്ന ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെറായി ജിപിഎസ് പോയിന്‍റെ 14ൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ആലപ്പുഴ സ്വദേശി രാജുവിനെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. രാജുവിനായുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്‍റെയും കോസ്റ്റൽ പൊലീസിന്‍റെയും മത്സ്യ തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിനടുത്ത് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ രക്ഷപ്പെടുകയും നാലു പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ ശരത്, മോഹനന്‍ എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ഏഴ് പേരുണ്ടായ വള്ളത്തില്‍ നിന്ന് മൂന്ന് പേരെ വ്യാഴാഴ്ച രാത്രി തന്നെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ നാല് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറം ലോകം അറിയുന്നത്. ശക്തമായ കാറ്റും അപകടത്തില്‍പ്പെട്ടവര്‍ക്ക് നീന്തലില്‍ പ്രാവീണ്യം കുറഞ്ഞതുമാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബൈജു  പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K