31 October, 2023 07:05:00 PM


എം.ജി.സർവകലാശാലാ എസ്.എഫ്.സി; എം.എസ് സുരേഷ് സെനറ്റ് പ്രതിനിധി



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലാ സ്റ്റാറ്റിയൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്ക്(എസ്.എഫ്.സി) സെനറ്റിൻറെ പ്രതിനിയായി എം.എസ്. സുരേഷിനെ തെരഞ്ഞെടുത്തു. സെനറ്റ് യോഗത്തിൽ വോട്ടു ചെയ്ത 50 പേരിൽ 42 പേരുടെ പിന്തുണ സുരേഷിന് ലഭിച്ചു. 

മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതവും ഉന്നതവിദ്യാഭ്യാസവും നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിടുന്ന ജീവനി പദ്ധതി എയ്ഡഡ് കോളജുകളിലേക്കും വ്യാപിപ്പിച്ചതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ സെനറ്റ് അഭിനന്ദിച്ചു.

കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തിൽ ക്രമംതെറ്റിയ പരീക്ഷാ നടത്തിപ്പും മൂല്യ നിർണയവും സമയബന്ധിതമാക്കിയതിലും കഴിഞ്ഞ അക്കാദമിക് വർഷത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾക്കു ശേഷം 14 ദിവസത്തിനകം സംസ്ഥാനത്ത് ആദ്യമായി ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനും സർവകലാശാലയെ യോഗം അനുമോദിച്ചു. 

വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം വർധിച്ച സാഹചര്യത്തിലും സർവകലാശാലയിൽ പ്രവേശന നിരക്ക് വർധിച്ചത് ശ്രദ്ധേയമാണ്. സർവകലാശാലയുടെ പഠന വകുപ്പുകളിലും എയ്ഡഡ്, അൺഎയ്ഡഡ് കോളജുകളിലുമുള്ള വിദ്യാർഥികളെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി അപകട ഇൻഷുറൻസ് പദ്ധതി പരിഷ്‌കരിച്ചത് അഭിനന്ദനാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

വൈസ് ചാൻലർ ഡോ. സി.ടി അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാറും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K