06 November, 2023 08:23:56 AM


'സംസ്ഥാനത്ത് നടക്കുന്നത് ധൂര്‍ത്ത്'; കേരളീയത്തെ ലക്ഷ്യമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Governor Arif Muhammad Khan targets Keraleeyam



തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് ധൂര്‍ത്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ തന്നെ ദുര്‍വ്യയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നാണ് രൂക്ഷഭാഷയിലുള്ള ഗവര്‍ണറുടെ വിമര്‍ശനം. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചതാണ്. എന്നാല്‍ അതേ സര്‍ക്കാര്‍ തന്നെ ആഘോഷങ്ങളുടെ പേരില്‍ പണം പാഴാക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

പെന്‍ഷന്‍ പോലും നല്‍കാന്‍ സര്‍ക്കാരിന് പണമില്ലാത്തപ്പോള്‍ വ്യക്തിപരമായ ആവശ്യത്തിനു സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കാന്‍ പണം ചെലവാക്കുന്നുവെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ഗവര്‍ണര്‍ ആരോപിച്ചു. കേരളീയം പരിപാടിയുടെ പേര് പറയാതെയാണ് കേരളീയത്തെ കൂടി ലക്ഷ്യമാക്കിയുള്ള ഗവര്‍ണറുടെ പ്രതികരണം.

ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പുനഃരാലോചന ഇല്ലെന്ന നിലപാടില്‍ തന്നെയാണ് ഗവര്‍ണര്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കുന്ന വിഷയങ്ങളില്‍ ധനബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണം. ആ അനുമതി തേടാതെയാണ് വി സി നിയമനവുമായി ബന്ധപ്പെട്ട ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയതെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ച ശേഷം മാത്രം തുടര്‍നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് രാജ് ഭവന്റെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K