27 November, 2023 02:26:08 PM


മലക്കപ്പാറ ആദിവാസി കോളനിയിൽ വയോധിക പുഴുവരിച്ച നിലയിൽ



ചാലക്കുടി: മലക്കപ്പാറ വീരൻകുടി ആദിവാസി കോളനിയിൽ വയോധിക പുഴുവരിച്ച നിലയിൽ. രോഗബാധിതയായ ഇവരെ ചികിത്സയ്ക്ക് പുറത്തേക്കു കൊണ്ടുപോകാൻ മാർഗമില്ലാത്തതാണ് ഈ അവസ്ഥയ്ക്കു കാരണമായത്.

വീരൻകുടി ഉൾപ്പെടുന്ന മേഖലയിൽ നിന്ന് അമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമാണ് കേരളത്തിലോ തമിഴ്നാട്ടിലോ ആശുപത്രിയുള്ളത്. ഇതിൽ തന്നെ ദീർഘദൂരം കാട്ടിലൂടെ നടന്നു വേണം പോകാൻ. ഇവിടേക്ക് വാഹന ഓടുന്ന വഴി ഇല്ല.

വീരൻകുടി കോളനിയിലെ ഏറ്റവും പ്രായമുള്ള അംഗമായ കമലമ്മ പാട്ടിയാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. ഇവർക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതി കൂടുതൽ വഷളായപ്പോൾ, ഊര് സന്ദർശിക്കാൻ ട്രൈബൽ ഓഫിസർക്ക് തൃശൂർ ജില്ലാ കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്.

ട്രൈബൽ ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗത്തു നിന്ന് ഈ ഭാഗത്തേക്ക് യാതൊരുവിധ ശ്രദ്ധയും എത്തുന്നില്ലെന്ന് പലതവണ ഊരിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ അസുഖബാധിതരാകുന്നതവരെ നാലുകിലോമീറ്ററോളം കാട്ടിലൂടെ ചുമന്നാണ് പുറത്തെത്തിക്കുന്നത്. അതിന് ആളുകൾ ഇല്ലാത്തതിനാലാണ് കമലപാട്ടിക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് ഊരിലുള്ളവർ ആവശ്യപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K