27 November, 2023 03:32:33 PM


മുഖ്യമന്ത്രിയുടെ പരാമർശം ഖേദകരം: പത്തനംതിട്ട മുസ്‌ലീം ജമാഅത്ത്



പത്തനംതിട്ട: സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്‌ജിയും പത്തനംതിട്ട ടൗൺ ജമാഅത്ത് അംഗവുമായിരുന്ന ജസ്‌റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജമാഅത്തിനെതിരെ നടത്തിയ പരാമർശം ഖേദകരമാണെന്ന്​ പത്തനംതിട്ട മുസ്​ലിം ജമാഅത്ത്​ ഭാരവാഹികൾ.

സ്‌ഥലം എം.എൽ.എ എന്ന നിലയിൽ മന്ത്രി വീണ ജോർജ് സംസ്കാര ചടങ്ങിൽ എത്താതിരുന്നതിലുള്ള വിഷമമാണ്​  ജമാഅത്ത് പ്രകടിപ്പിച്ചത്.  ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല . ജമാഅത്ത് അംഗങ്ങളുടെ പൊതു വികാരമാണ് പ്രകടിപ്പിച്ചത്.  ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണ്. രാജ്യത്തെ ഉന്നത ഭരണഘടന പദവികളിൽ സതുത്യർഹമായ സേവന ചെയ്ത‌ ജസ്റ്റ‌ിസ് ഫാത്തിമ ബീവിയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കുവാൻ എത്താതിരുന്നതിലുള്ള  മന്ത്രി വീണ ജോർജി​ന്റെ  പ്രവർത്തി ജമാഅത്ത് അംഗങ്ങളിൽ വേദന ഉളവാക്കിയിട്ടുണ്ട്. നവ കേരള സദസ്സിൽ നിന്ന് വിട്ടുനിൽക്കാൻ ആകില്ല എന്നതാണ് മന്ത്രി എത്താതിരുന്നത്​
സംബന്ധിച്ച് മുഖ്യ മന്ത്രി പറഞ്ഞത്. 

എന്നാൽ മറ്റ് ആവശ്യങ്ങൾക്കും  സംസ്‌കാരച്ചടങ്ങുകളിലും മന്ത്രിമാർ  നവകേരള സദസ്സിൽ നിന്ന് വിട്ടു നിൽക്കുകയും  പങ്കെടുക്കുകയും ചെയതിട്ടുണ്ട് . കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് വേദനാജനകമാണെങ്കിലും അപ്രതീക്ഷിതമായിരുന്നില്ല.  എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് ഇത്തരമൊരു സമീപനം മതനിരപേക്ഷ സമൂഹം തീരെ പ്രതീക്ഷിച്ചതല്ല.  മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശരിക്കും ഞെട്ടലോടെയാണ് കേട്ടത്.  സ്വന്തം മന്ത്രിയെ ന്യായീകരിക്കാൻ വേണ്ടി ഒരു സമുദായത്തിന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയാണ്​  മുഖ്യമന്ത്രി ചെയ്തത്. മറ്റ് ലക്ഷ്യങ്ങൾ വച്ചാണ് ജമാഅത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം  എന്ന മുഖ്യമന്ത്രിയുടെ പരാമർശം അത്യന്തം നിർഭാഗ്യകരമാണന്നും  ഇത് സമുദായ അംഗങ്ങൾക്ക് മുഴുവൻ വേദന ഉളവാക്കിയെന്നും  ഭാരവാഹികൾ പറഞ്ഞു.   വാർത്ത സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്‍റ്​  ഹാജി എച്ച്. ഷാജഹാൻ  , ചീഫ്​ ഇമാം അബ്​ദൂൾഷുക്കൂർ മൗലവി,  ട്രഷറർ റിയാസ്​ എ. കാദർ, ജോയിൻറ്​ സെക്രട്ടറി  എം. എസ്.​ അൻസാരി്​ , എം. മുഹമ്മദ്​ ഹനീഫ്​ എന്നിവർ പ​ങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K