10 December, 2023 08:25:03 PM


പത്തനംതിട്ടയിൽ പി സി യും തൃശൂരിൽ സുരേഷ് ഗോപിയും: അക്കൗണ്ട് തുറക്കാൻ ബിജെപി



കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പു തന്നെ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി. ഇതിനിടെ മൂന്നിടങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയുടെ ഭാഗമായി പി സി ജോർജ് നയിക്കുന്ന ജനപക്ഷവും തിരഞ്ഞെടുപ്പിനെ നേരിടുമെന്നതാണ് മറ്റൊരു പ്രത്യേകത.

കുറഞ്ഞത് അഞ്ച് സീറ്റുകളിൽ എങ്കിലും ബിജെപി ഇടം പിടിക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപെട്ടിട്ടുള്ളതായാണ് അറിയുന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കുന്നതിനു ക്രിസ്തീയ സഭയുടെ വിശ്വാസം നേടിയെടുക്കുക എന്ന തന്ത്രമാണ്  ബിജെപി മെനയുന്നത്. അതിന്റെ ഭാഗമായി ക്രൈസ്തവ നേതൃത്വം ആഗ്രഹിക്കുന്ന സീറ്റുകളിൽ അവർക്ക് തന്നെ ഇടം കൊടുക്കണമെന്നാണ് ആവശ്യം. ക്രിസ്മസ് കേക്ക് വിതരണം ചെയ്ത് തങ്ങൾ ക്രൈസ്തവരുടെ വിശ്വാസത്തിന് എതിരല്ലെന്ന് സാക്ഷ്യപെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.

പി സി ജോർജിനെ അദ്ദേഹത്തിന് ഏറെ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ മത്സരിപ്പിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ച പത്തനംതിട്ടയിൽ ഏതാണ്ട് 80,000 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ജയിച്ച ആന്റോ ആന്റണിയുമായി ബിജെപിക്ക് ഉണ്ടായിരുന്നത്. പി സി യെ നിർത്തുന്നതോടെ ക്രിസ്ത്യൻ വോട്ടുകൾ കൂടി കരസ്ഥമാക്കി ഈ വിടവ് നികത്താനാവുമെന്ന് ബിജെപി ദേശീയ നേതൃത്വം കരുതുന്നു.

തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെയാണ് മൂന്നു മണ്ഡലങ്ങളിൽ ചിത്രം തെളിഞ്ഞത്. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രവർത്തനം ബഹുദൂരം മുന്നിൽ തന്നെയാണിപ്പോൾ. തൃശൂരിനൊപ്പം ബിജെപി ലക്ഷ്യം വെക്കുന്ന പ്രധാന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു ഇവിടെ. അത് ഒന്നാം സ്ഥാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനായി ശശി തരൂരിനെതിരെ മന്ത്രി രാജീവ്‌ ചന്ദ്രശേഖരെ തന്നെ കളത്തിലിറക്കാനാണ് സാധ്യത. അല്ലെങ്കിൽ സിനിമാതാരം കൂടിയായ കൃഷ്ണകുമാറിനെ ഗോദയിലിറക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K