11 December, 2023 03:46:52 PM


'ഇനി എറിയില്ല'; നവകേരള ബസിന് നേരെ ഷൂ എറിഞ്ഞത് സമര മാര്‍ഗമല്ലെന്ന് കെഎസ്‍യു



കൊച്ചി : നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം വൈകാരിക പ്രതിഷേധമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍. ഷൂ എറിഞ്ഞത് സമര മാര്‍ഗമല്ലെന്നും ഇനി ഇത് ആവര്‍ത്തിക്കുകയില്ലെന്നും അലോഷ്യസ് പറഞ്ഞു. കെഎസ്‌യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ കയ്യൂക്കിന്റെ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ക്രമസമാധാന ചുമതല ഡിവൈഎഫ്‌ഐയെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇന്നലെയുണ്ടായത് വൈകാരിക സംഭവമാണ്. കരുതിക്കൂട്ടി ചെയ്തതല്ല. കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായാണ് ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചത്. അതേ തുടര്‍ന്നുണ്ടായ വൈകാരിക പ്രതിഷേധമാണ്. ഇത്തരം പ്രതിഷേധം ജനാധിപത്യപരമായ സമര രീതിയല്ലെന്ന് കെഎസ്‌യുവിന് അറിയാമെന്നും അലോഷ്യസ് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണു ബസിനു നേരെ കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞത്. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പ്രതിഷേധിച്ച നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസ്, ചേര്‍ത്തല സ്വദേശി ദേവകുമാര്‍, ഇടുക്കി സ്വദേശി ജിബിന്‍, ചേരാനല്ലൂര്‍ സ്വദേശി ജെയ്ഡന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K