21 December, 2023 04:18:42 PM


'കെ എസ് യു മാർച്ച് എന്തിന്? ഏത് വിദ്യാർഥി പ്രശ്‌നമാണ് അവർ ഉന്നയിക്കുന്നത്?' - മുഖ്യമന്ത്രി



തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനമുണ്ടാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. കെ എസ് യു എന്തിനാണ് മാർച്ച് നടത്തുന്നത്. ഏത് വിദ്യാർഥി പ്രശ്‌നമാണ് കെ എസ് യു ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു. ഭരണഘടനാപരമായ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല എന്നാണ് കത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു.

കോഴിക്കോട് മിഠായിത്തെരുവ് സന്ദർശനവുമായി ബന്ധപ്പെട്ട് ഗവർണർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും കത്തിൽ പറയുന്നു. മിഠായിത്തെരുവിൽ പൊലീസ് സുരക്ഷയില്ലാതെ ഇറങ്ങിയതാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തിന്‍റെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ടതായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ മന്ത്രിമാർ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. കത്തിന്‍റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും അയച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K