24 December, 2023 07:16:11 PM


പിണറായി സൈക്കോ പാത്തിനെപ്പോലെയാണ് പെരുമാറുന്നത്- കെ.സുധാകരന്‍



തിരുവനന്തപുരം: നവകേരള സദസ്സിലെ പൊലീസ് ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഡി ജി പി ഓഫീസ് മാര്‍ച്ചിന്റെ വേദിയിലേക്കടക്കം ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിലൂടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ 'വാഷ് ഔട്ട്' ചെയ്യാനുള്ള ശ്രമമാണ് നടന്നത്.പോലീസിന്റെ നരനായാട്ടിനെതിരേ ഡിസംബര്‍ 27ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ വന്‍ പ്രതിഷേധ ജ്വാല നടത്തും.തുടര്‍ പ്രക്ഷോഭ പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും സുധാകരന്‍ അറിയിച്ചു.

ഡി ജി പി ഓഫീസ് മാര്‍ച്ചിനിടെ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. ഇത് മുഖ്യമന്ത്രി അറിയാതെ ഒരിക്കലും സംഭവിക്കില്ല.കേസെന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ല. പിണറായി സൈക്കോ പാത്തിനെപ്പോലെയാണ് പെരുമാറുന്നത്.ഒരു സൈക്കോപാത്തിനു മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രതിപക്ഷത്തേയും ഒന്നടങ്കം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്കാനാകൂ. മുഖ്യമന്ത്രി ക്രൂരതയുടെ പര്യായമാണ്.പിണറായിക്ക് കൊലയാളി മനസ്സാണ്. പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മില്‍ ആളില്ല. കരിങ്കൊടി കാണിക്കാന്‍ പോലും കേരളത്തില്‍ പറ്റുന്നില്ല. ഇവിടെ നിയമവാഴ്ച ഉണ്ടോ?'  കെ.സുധാകരന്‍ ചോദിച്ചു.

 കോടതി പറഞ്ഞ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസ് എടുത്തത്. ആ ഉദ്യോഗസ്ഥന് ഡ്യൂട്ടിയില്‍ തുടരാന്‍ യോഗ്യതയില്ല. കലാപത്തിന്  ആഹ്വാനം ചെയ്യുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പിണറായിക്കെതിരെ കേസ് ഇല്ല. ഒന്നും ചെയ്യാത്ത തനിക്കും മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കും എതിരെയാണ്  കേസ്. ഇതാണു കേരളത്തിലെ അവസ്ഥ.ഡിജിപി കസേരയിലിരിക്കുന്നത് അര്‍ഹതയില്ലാത്തയാളാണ്. ഡിജിപി വെറും നോക്കുകുത്തി.സംസ്ഥാനത്ത് രണ്ട് ഡിജിപിമാരുണ്ടെന്നും പി. ശശി ആക്ടിങ് ഡിജിപിയാണെന്നും അദ്ദേഹം പരിഹസിച്ചു. 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കെ.സുധാകരന്‍ മുന്നറിയിപ്പു നല്‍കി.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കുന്ന നാടായി കേരളം മാറി. പ്രതിഷേധിക്കുന്ന കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും അവര്‍ക്കെതിരെ  കേസെടുത്ത് ജയിലാക്കുകയുമാണ് ചെയ്തത്. സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളെയാണ് നവകേരള സദസ്സിന് അകമ്പടിയായി മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്.2024 വര്‍ഷം എന്നത് പിണറായി വിജയന് ഉറക്കമില്ലാത്ത രാത്രികളാകും സമ്മാനിക്കുക.

കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായ സമാനതകളില്ലാത്ത സംഭവമാണ് കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരായ പോലീസ് നടപടി. സര്‍ സിപിയുടെ കാലത്തോ, ബ്രിട്ടീഷ് ഭരണകാലത്തോ ഉണ്ടാകാത്ത അത്രയും ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ പോലീസ് ക്രൂരതയാണ് നടന്നത്.പോലീസ് ഏറ്റെടുത്ത് നടപ്പാക്കിയത് സിപിഎമ്മിന്റെ ക്വട്ടേഷനാണ്. എകെജി സെന്ററിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചിട്ടുള്ള പി ശശിയുടെയും നിര്‍ദ്ദേശമാണ് പോലീസ് നടപ്പാക്കിയത്. ജനപ്രതിനിധികള്‍ പോലും ആക്രമിക്കപ്പെടുന്ന സ്ഥിതി. നിയമവാഴ്ചയും ക്രമസമാധാന പാലനവും തകര്‍ന്നു  ഭരണ സ്തംഭനവും ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നു.വ്യക്തിവിരോധം തീര്‍ക്കുകയാണ് സര്‍ക്കാര്‍. അക്രമത്തെ ആരാധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന് ജനാധിപത്യത്തോട് പുച്ഛം.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയകൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ തുടങ്ങിയതാണ് പിണറായിയുടെ രക്തപ്രയാണം. ബോഡിഗാര്‍ഡായിരുന്ന വെണ്ടുട്ടായി ബാബുവിനെ കൊന്നിട്ടും തീരാത്ത പക കാട്ടിയവരാണ്. കണ്ണൂരിലെ ജനങ്ങള്‍ക്ക് മാത്രമറിയാവുന്ന പിണറായി എന്ന സൈക്കോപാത്തിനെ കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ തിരിച്ചറിയാന്‍ നവകേരള സദസ് യാത്രയിലൂടെ സാധിച്ചു. ക്രൂരമായി കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെപിണറായിയുടെ ഗുണ്ടകള്‍ ക്രൂരമായി തല്ലിച്ചതച്ചതിനെ ജീവന്‍ രക്ഷാപ്രവര്‍ത്തനമായി വിശേഷിപ്പിക്കാന്‍ ഒരു സൈക്കോപാത്തിനു മാത്രമേ കഴിയൂ. ജീവന്‍രക്ഷാപ്രവര്‍ത്തനം എന്ന മനോഹരമായ പദത്തെ ക്രൂരതയുടെയും രക്തച്ചൊരിച്ചിലിന്റെയും പദാവലിയാക്കി മാറ്റിയ വ്യക്തിയാണ് പിണറായി വിജയന്‍.

നവ കേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിരെ നടന്ന അതി ക്രൂരമായ അക്രമ പ്രവര്‍ത്തനങ്ങള്‍ എല്ലാ ദിവസങ്ങളിലും അരങ്ങേറിയപ്പോഴും അതിനെ വാര്‍ത്താസമ്മേളനത്തില്‍  ചോദ്യം ചെയ്ത  മാധ്യമപ്രവര്‍ത്തകരെ പുച്ഛിക്കുവാനും ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തുന്നത് മാത്രമെ താന്‍ കണ്ടുള്ളൂയെന്ന ധാര്‍ഷ്ട്യത്തോടെ  മറുപടി പറയുകയും ചെയ്യുന്ന മുഖ്യമന്ത്രിയെയാണ് കണ്ടത്.പിണറായിയെ വിമര്‍ശിച്ച പത്രപ്രവര്‍ത്തകരെയെല്ലാം പോലീസ് പിടിച്ച് അകത്തിടുകയാണ്. പിണറായി സത്യത്തില്‍ മോദിക്കു പഠിക്കുകയാണ്. പത്രപ്രവര്‍ത്തകരുടെ സംഘടനകള്‍ നിശബ്ദത വെടിഞ്ഞ് പ്രതികരിക്കണം. കോണ്‍ഗ്രസ് അതിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? ജനങ്ങള്‍ക്ക് എന്തെങ്കിലും നയാപൈസയുടെ ഗുണമുണ്ടോയോ?  പാവപ്പെട്ടവരുടെ ഒരു പരാതിയും മുഖ്യമന്ത്രിയോ മന്ത്രിമാരോ വാങ്ങിയില്ല. അതെന്താണെന്നു നോക്കുക പോലുമില്ല.ലഭിച്ച പരാതികളില്‍ എത്രയെണ്ണത്തിന് പരിഹാരം കണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? അതിന് അദ്ദേഹത്തെ വെല്ലുവിളിക്കുന്നയെന്നും സുധാകരന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K