02 January, 2024 12:34:06 PM


പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനായി മാറ്റി വെച്ച തുക കുട്ടി കർഷകര്‍ക്ക് നൽകും- ജയറാം



ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കർഷകരായ മാത്യുവിന്‍റെയും ജോർജിന്‍റെയും 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പ്രതികരിച്ച് നടൻ ജയറാം. കഴിഞ്ഞ 20 വർഷത്തിന് മുകളിലായി പശുക്കളെ വളർത്തി ഫാം നടത്തുന്നയാളാണ് ഞാൻ. ഈ കുട്ടികൾക്കുണ്ടായ അതേ അവസ്ഥയാണ് ഒരു 20 വർഷങ്ങൾക്ക് മുൻപ് എന്‍റെ ഫാമിലും ഉണ്ടായത്. ഏകദേശം ആറ് വർഷം മുൻപ് 22-ഓളം പശുക്കളാണ് നിമിഷ നേരം കൊണ്ട് ചത്തുവീണത്. ഇപ്പോഴും അതിന്‍റെ കാരണം വ്യക്തമല്ല. 

സർക്കാരിന്‍റെ സഹായത്തിൽ പല ലാബുകളിൽ പരിശോധന നടത്തുകയും സാംപിൾ എടുക്കുകയുമൊക്കെ ചെയ്തു. വിഷം ബാധിച്ചാണ് എന്ന് മാത്രമാണ് പറഞ്ഞത്. ഈ കുഞ്ഞുങ്ങൾക്ക് പറ്റിയിട്ടുള്ളതും അതുതന്നെയാണ്. അവർ പറയുന്നത് കപ്പത്തണ്ടിൽ ഉണ്ടായ സൈനൈഡിന്‍റെ അംശമാണെന്നാണ്. അതേസമയം, ഞാൻ എന്‍റെ വീട്ടിൽ നട്ടു വളർത്തുന്ന പുല്ലാണ് പശുക്കൾക്ക് കൊടുത്തിരുന്നത്. ഞാനും എന്‍റെ ഭാര്യയും കൂടി ഇരുന്ന് കരഞ്ഞത് എത്ര നേരമാണ്. അപ്പോൾ ഈ കുഞ്ഞുങ്ങൾ അനുഭവിച്ച വേദനയും മനസിലാക്കാം.

എനിക്ക് എന്‍റെ മക്കളെ പോലെയാണ് പശുക്കളും. ബാംഗ്ലൂരിലും കൃഷ്ണഗിരിയിലും ധർമ്മപുരിയിലും ഒരോ വീട്ടിലും കയറിയിറങ്ങി കഴിഞ്ഞ 18 വർഷമായി ഞാൻ വാങ്ങിയ പശുക്കളാണ്. അതിനോരോന്നിനും പേരിട്ടിരിക്കുന്നത് എന്‍റെ മക്കളാണ്. അപ്പോൾ അവ നഷ്ടപ്പെടുമ്പോളുണ്ടാകുന്ന വേദന ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.

കുട്ടികൾക്ക് ധനസഹായം ബാങ്ക് അക്കൗണ്ടിലിട്ടു കൊടുത്താൽ മതി. പക്ഷെ നേരിട്ട് കുട്ടികളെ സാമാധാനിപ്പിക്കണം. കാരണം എനിക്കുണ്ടായ വേദന അവർ അനുഭവിക്കുമ്പോൾ അവരെ ഒന്ന് സമാധാനിപ്പിക്കുകയും ഒരു തുക അവർക്ക് കൈമാറാൻ കഴിഞ്ഞാൽ ഒരുപക്ഷെ കൂടുതൽ സഹായം അവർക്ക് ലഭിക്കുകയും നാളെ ആ കുട്ടികൾക്ക് നൂറ് പശുക്കളുള്ള ഒരു തൊഴുത്ത് അവർക്ക് നിർമ്മിക്കാൻ സാധിക്കും. 

സിനിമയുടെ ട്രെയിലർ ലോഞ്ചിനായി മാറ്റിവെച്ച 5 ലക്ഷം രൂപ നൽകുമെന്നും ജയറാം അറിയിച്ചു. അടുത്ത മാസം പതിനൊന്നിനാണ് ജയറാമിന്റെ പുതിയ ചിത്രം ഓസ്ലറിന്റെ ട്രെയിലർ ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയുള്ള പണമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ കുടുംബത്തിന് നൽകുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K