15 January, 2024 09:40:38 AM


സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു



തൃശ്ശൂർ: സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ അദ്ദേഹം ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 70ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി കീബോര്‍ഡ് അവതരിപ്പിച്ചതും കെ ജെ ജോയ് ആണ്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തം.

അരനൂറ്റാണ്ടോളം നീണ്ടുനിന്ന സംഗീത യാത്രയായിരുന്നു കെ ജെ ജോയുടേത്. 'കസ്തൂരി മാൻമിഴി', 'അക്കരെ ഇക്കരെ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനാണ്. 1994-ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'ദാദ' ആണ് സംഗീതമൊരുക്കിയ അവസാനചിത്രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K