06 August, 2024 03:16:15 PM
ബി.എഡ് പ്രവേശനം; സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇപ്പോള്‍ അപേക്ഷിക്കാം
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓഗസ്റ്റ് എട്ടിന് വൈകുന്നേരം നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
cap.mgu.ac.in എന്ന വൈബ്സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്കും ലഭിച്ച അലോട്ട്മെന്‍റ് റദ്ദായവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കുന്ന എല്ലാവരും ഓപ്ഷനുകള്‍ പുതിയതായി നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റു വരുത്തിയതുമൂലം അലോട്ട്മെന്‍റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവര്‍ക്കും പ്രത്യേകം ഫീസ് അടയ്ക്കാതെ തന്നെ പുതിയതായി ഓപ്ഷന്‍ നല്‍കി സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം.
മാനേജ്മെന്‍റ്, കമ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിലെ പ്രവേശനത്തിനുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം നിലവില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ നിലവിലെ ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in ലോഗിന്‍ ചെയ്യണം. നേരത്തെ നല്‍കിയ അപേക്ഷയില്‍ തിരുത്തുലുകള്‍ വരുത്തുകയും പുതിയതായി ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യാം.
ഓപ്ഷനുകള്‍ നല്‍കി അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്‍റൗട്ടുകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ അപേക്ഷിക്കുകയും സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്മെന്‍റ് പ്രകാരം പ്രവേശനം എടുക്കേണ്ടിവരും. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും. അതുകൊണ്ടുതന്നെ സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓപ്ഷനുകള്‍ നല്‍കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.